ഇടുക്കി: സുഗന്ധവ്യഞ്ജനങ്ങളുടെ റാണി എന്നറിയപ്പെടുന്ന ഏലക്കായയുടെ വില വീണ്ടും കുതിച്ചുയരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ് വില വർദ്ധിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറ്റടി സ്പൈസസ് പാർക്കിൽ ട്രഡീഷണൽ കാർഡമം പ്രൊഡ്യൂസർ കമ്പനിയുടെ ഓൺലൈൻ ലേലം നടന്നിരുന്നു. ഈ ലേലത്തിൽ ഒരു കിലോ ഏലക്കായയുടെ ഏറ്റവും ഉയർന്ന വില 2,568 രൂപയും, ശരാശരി വില 1,839.02 രൂപയുമായിരുന്നു. ലേലത്തിലൂടെ മികച്ച തുകയ്ക്ക് തന്നെയാണ് കർഷകർക്ക് ഏലക്കായ വിറ്റഴിക്കാൻ സാധിച്ചത്. രണ്ടാഴ്ചയായി ഏലക്കായയുടെ വിലയിൽ ഉയർച്ചയുടെ സൂചനകൾ കണ്ടു തുടങ്ങിയിട്ട്.
കഴിഞ്ഞ മാസങ്ങളിലെല്ലാം ഏലക്കായയുടെ വില കുത്തനെ കുറഞ്ഞിരുന്നു. ഇത് കർഷകരെ വലിയ രീതിയിലാണ് വലച്ചത്. എന്നാൽ, വിളവെടുപ്പ് സീസൺ അവസാനിക്കാറായതും, പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ഡിമാൻഡ് ഉയർന്നതുമാണ് ഇപ്പോഴത്തെ വില വർദ്ധനയ്ക്കുള്ള പ്രധാന കാരണം. വിളവെടുപ്പിന്റെ അവസാന ഘട്ടത്തിൽ എത്തിയതിനാൽ, കർഷകരുടെ പക്കൽ കാര്യമായ സ്റ്റോക്ക് ഇല്ല. അതിനാൽ, വരും ദിവസങ്ങളിൽ വില ഇനിയും ഉയർന്നേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഓൺലൈൻ ലേലത്തിൽ വില ഉയർന്നതോടെ ലോക്കൽ മാർക്കറ്റിലും വില ഉയർന്ന് തുടങ്ങിയിട്ടുണ്ട്. കിലോ ഗ്രാമിന് ശരാശരി 1700 രൂപ മുതൽ 1800 രൂപ വരെയാണ് ലോക്കൽ മാർക്കറ്റുകളിൽ നിന്ന് കർഷകന് ലഭിക്കുന്നത്.
Also Read: കൊച്ചി കാർണിവൽ; 1000 പൊലീസുകാർ, 100 സിസിടിവി ക്യാമറകൾ: കനത്ത സുരക്ഷയില്‍ നഗരം
Post Your Comments