ലക്നൗ: അയോധ്യയിൽ നിർമ്മിച്ച പുതിയ വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ വിമാനം ഇന്ന് പറന്നുയരും. മഹർഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടന ദിവസമായ ഇന്ന് അയോധ്യയിൽ നിന്നും ഡൽഹിയിലേക്കാണ് ആദ്യ സർവീസ് ഉണ്ടാവുക. എയർ ഇന്ത്യ എക്സ്പ്രസാണ് കന്നി യാത്രയ്ക്ക് തുടക്കം കുറിക്കുന്നത്. ജനുവരി 17 മുതൽ രാജ്യത്തെ പ്രധാന
നഗരങ്ങളായ ബെംഗളൂരു, കൊൽക്കത്ത എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുന്നതാണ്. വാരണാസി, ലക്നൗ എന്നിവയ്ക്ക് പുറമേ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുന്ന ഉത്തർപ്രദേശിലെ മൂന്നാമത്തെ വിമാനത്താവളം കൂടിയാണ് അയോധ്യ.
ജനുവരി 17ന് രാവിലെ 8:05-ന് ബെംഗളൂരുവിൽ നിന്നും പുറപ്പെടുന്ന വിമാനം 10:35-ന് അയോധ്യയിലെത്തും. ഉച്ചയ്ക്ക് 3:40-ന് തിരിച്ചുള്ള സർവീസ് ബെംഗളൂരുവിലേക്ക് പുറപ്പെടും. അതേസമയം, കൊൽക്കത്തയിലേക്കുള്ള ആദ്യ വിമാനം 17-ന് രാവിലെ 11:05-ന് അയോധ്യയിൽ നിന്നും പുറപ്പെട്ട്, ഉച്ചയ്ക്ക് 12:50-ന് കൊൽക്കത്തയിൽ എത്തും. തിരിച്ചുള്ള സർവീസ് ഉച്ചയ്ക്ക് 1:25-ന് കൽക്കത്തയിൽ നിന്ന് ആരംഭിക്കുന്നതാണ്. ജനുവരി 6 മുതൽ ഡൽഹിയിൽ നിന്ന് അയോധ്യയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് പ്രതിദിന സർവീസുകൾ നടത്തുന്നതാണ്. കൂടാതെ, ജനുവരി 11 മുതൽ ആഴ്ചയിൽ മൂന്ന് ദിവസം അഹമ്മദാബാദ്-അയോധ്യ സർവീസും ഉണ്ടായിരിക്കും. ഘട്ടം ഘട്ടമായി അയോധ്യയിൽ നിന്നും മറ്റ് സ്ഥലങ്ങളിലേക്ക് വിമാന സർവീസുകളുടെ എണ്ണം എയർ ഇന്ത്യ എക്സ്പ്രസ് വർദ്ധിപ്പിക്കുന്നതാണ്.
Post Your Comments