തിരുവനന്തപുരം: മന്ത്രിസഭയിലെ ചെറിയ കാലയളവ് പ്രവർത്തനങ്ങൾക്ക് തടസ്സമാകില്ലെന്ന് നിയുക്ത മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. ചില ബൃഹത്തായ പദ്ധതികൾക്ക് പ്രായോഗിക തലത്തിൽ പ്രശ്നം നേരിട്ടേക്കാമെങ്കിലും ചെറിയ കാലയളവ് ആത്മവിശ്വാസം കുറയ്ക്കുന്നില്ലെന്നും കടന്നപ്പള്ളി പറഞ്ഞു. വിഴിഞ്ഞം തുറമുഖം പൂർത്തീകരണ ഘട്ടത്തിലാണെന്നും അനുഭവങ്ങളുടെ അടിസ്ഥാനത്തിലും മുഖ്യമന്ത്രിയുടെ പിന്തുണയിലും പദ്ധതി പൂർത്തിയാക്കാനാകുമെന്നും കടന്നപ്പള്ളി ആത്മവിശ്വാസം പ്രകടിപ്പിച്ചു. റിപ്പോർട്ടർ ടിവിയുടെ പ്രഭാത പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലത്തീൻ സഭയുടെ എതിർപ്പിനെക്കുറിച്ച് പ്രതികരിച്ച അദ്ദേഹം വിഴിഞ്ഞത്തെ മത്സ്യതൊഴിലാളികളും ക്രിസ്തീയ സഭകളും മുന്നോട്ട് വയ്ക്കുന്ന നിർദേശങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകുമെന്നും അറിയിച്ചു. തന്നെ ഏല്പിക്കുന്ന വകുപ്പിൻ്റെ പ്രവർത്തനങ്ങൾ സത്യസന്ധമായും വിശ്വാസ്യതയോടെയും നടപ്പിലാക്കുകയാണ് ലക്ഷ്യം. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ആരംഭം മുതൽ ലാഭനഷ്ടങ്ങളോ അധികാരമോ ചിന്തിക്കാതെ പ്രവർത്തിച്ചതാണ് തുടർച്ചയായി തനിക്ക് ലഭിക്കുന്ന പിന്തുണയെന്നും കടന്നപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു.
അതേസമയം, കെ.ബി ഗണേഷ് കുമാറിന്റെയും കടന്നപ്പള്ളി രാമചന്ദ്രന്റെയും സത്യപ്രതിജ്ഞ ഇന്ന് നടക്കും. രാജ്ഭവനില് 4 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രിയും, മന്ത്രിമാരും, കക്ഷി നേതാക്കളും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. പ്രതിപക്ഷം സത്യപ്രതിജ്ഞ ബഹിഷ്കരിക്കും. മൂന്നാം തവണയാണ് രണ്ടുപേരും മന്ത്രിമാരാകുന്നത്.
Post Your Comments