MollywoodLatest NewsKeralaNewsEntertainment

മാപ്പ് അണ്ണേ മാപ്പ്, പറഞ്ഞ വാക്ക് പാലിക്കാൻ കഴിഞ്ഞില്ല: വിജയകാന്തിനോട് മാപ്പ് പറഞ്ഞ് നടൻ

ഇതെന്തിനാണ് എന്നെ വിളിക്കുന്നത് ? എന്താണ് പ്രശ്നം ? പലതും ആലോചിച്ച്‌ പരുങ്ങിപ്പരുങ്ങി ചെന്നു.

തെന്നിന്ത്യൻ നടൻ വിജയകാന്തിനെക്കുറിച്ചുളള മനോഹരമായ ഓര്‍മകള്‍ പങ്കുവച്ച്‌ നടനും അണിയറ പ്രവര്‍ത്തകനുമായ സഹീര്‍ മുഹമ്മദ്. സോഷ്യല്‍മീഡിയയിൽ പങ്കുവച്ച കുറിപ്പിലാണ് വിജയകാന്ത് ഒരിക്കല്‍ ആവശ്യപ്പെട്ടത് സാധിച്ച്‌ കൊടുക്കാത്തതില്‍ താരം മാപ്പപേക്ഷിച്ചത്.

സഹീര്‍ മുഹമ്മദിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

‘ഹരിഹരൻ പിള്ള ഹാപ്പിയാണ് എന്ന ചിത്രം. മോഹൻലാലും വിജയരാഘവനും തമ്മിലുള്ള ഒരു ഫൈറ്റ് സീനിന്റെ ഷൂട്ട് നിറപറ മില്‍സില്‍ നടക്കുന്നു. രാവിലെ 11 മണിയോടുകൂടി കുട്ടേട്ടൻ (ആനന്ദക്കുട്ടൻ സാര്‍) പറഞ്ഞു.

‘സഹീറേ, റൂമില്‍ പോയി ഡ്രസ് ഒക്കെ പാക്ക് ചെയ്തോളൂ’ ഞാൻ ഒന്ന് വല്ലാതെ ഞെട്ടി. വീട്ടിലാര്‍ക്കെങ്കിലും…… ? അതോ, ആരെങ്കിലും പരദൂഷണം പറഞ്ഞു പിടിച്ചതിന്റെ പേരില്‍ എന്നെ എന്നത്തേയ്ക്കും പാക്ക് ചെയ്യുകയാണോ ?

read also:  നീതിമാനായ രാഷ്‌ട്രീയക്കാരൻ.. ദയാലുവായ മനുഷ്യൻ: വിജയകാന്തിന്റെ വിയോഗ വേദനയിൽ മോഹൻലാൽ

സംശയങ്ങള്‍ പലതായിരുന്നു.

‘ഉച്ചക്കുള്ള ട്രെയിനിന് ചെന്നൈയ്ക്ക് പോണം. സിദ്ദീഖിന്റെ പടം മറ്റന്നാള്‍ തുടങ്ങും. നമ്ബ്യാതിരിയാണ് കുറച്ച്‌ ദിവസം അവിടെ വര്‍ക്ക് ചെയ്യുന്നത്. അപ്പോഴേക്കും ഇത് തീര്‍ന്ന് ഞങ്ങളുമങ്ങെത്തും.’ശ്വാസം നേരേ വീണു. എല്ലാം യുദ്ധകാലാടിസ്ഥാനത്തില്‍ നടന്നു. ചെന്നൈയിലെത്തി വിശ്രമിച്ചു. പിറ്റേന്ന് രാവിലെ വണ്ടിയെത്തി. ഒപ്പം നമ്ബ്യാതിരി സാറും സിദ്ദീഖ് അണ്ണനും ആര്‍ട് ഡയറക്ടര്‍ മണിയണ്ണനും. പ്രധാനമായി ഷൂട്ട് ചെയ്യേണ്ട മഹാബലിപുരത്തെ ബംഗ്ലാവിലേക്ക്. ‘ക്രോണിക് ബാച്ച്‌ലര്‍’ എന്ന മലയാള ചിത്രത്തിന്റെ റീമേക്കാണ് – എങ്കള്‍ അണ്ണ.

ഷൂട്ട് തുടങ്ങിയ ദിവസം രാവിലെ തന്നെ ലൊക്കേഷനിലെത്തി. നായകനും നിര്‍മ്മാതാവുമായ വിജയകാന്ത് എന്ന ക്യാപ്റ്റൻ മേക്കപ്പ് ഇട്ട് കോസ്റ്റ്യുമിട്ട് വന്നു. ഷൂട്ട് തുടങ്ങി.ഒന്ന് രണ്ട് ഷോട്ടുകള്‍ കഴിഞ്ഞപ്പോ ക്യാപ്റ്റന്റെ പേഴ്സനല്‍ മേക്കപ്മാൻ വന്നു.

‘സര്‍, ക്യാപ്റ്റൻ കൂപ്പിട്റാങ്കെ’

‘യാരെ ? എന്നെവാ’

ഞാനൊന്ന് സംശയിച്ചു.

‘ആമാ സര്‍’

ഇതെന്തിനാണ് എന്നെ വിളിക്കുന്നത് ? എന്താണ് പ്രശ്നം ? പലതും ആലോചിച്ച്‌ പരുങ്ങിപ്പരുങ്ങി ചെന്നു.

‘വണക്കം. വാങ്കെ’

ക്യാപ്റ്റൻ എന്നോട് തന്നെയാണോ അതോ ? പിൻതിരിഞ്ഞു നോക്കി. അവിടെയാരുമില്ല.

‘വണക്കം’

പ്രത്യഭിവാദ്യം മര്യാദയാണല്ലോ.

‘നീങ്ക ഇന്ത ക്യാമറാമാനോടെ അസോഷ്യേറ്റാ ?’

‘ഇല്ലെ. ഇല്ലെ സര്‍’

‘പിന്നെ’

‘നാ ആനന്ദക്കുട്ടൻ സാറോടെ അസോഷ്യേറ്റ്’

‘അവരെങ്കെ? ‘
‘അവര് വറുവാറ്’

‘എപ്പോ? അവര്‍ അതോടെ ബിസിയാ ?’

‘ആമാ സാര്‍, ഒരു മലയാള പടം പണ്ണിയിട്ടേയിറ്ക്ക്

‘യാര്‍ പടം?”

‘മോഹൻലാല്‍’

‘ഹോ, അപ്പടിയാ, അവര്‍ എപ്പടി? ജോളിയാ സെറ്റിലെല്ലാ’

‘ഹാ, സാര്‍. അവര്‍ നല്ല ആള്’

‘അപ്പോ മമ്മൂട്ടി?’

‘അവരും നല്ല ആള് താൻ സര്‍”

പിറ്റേ ദിവസം മുതല്‍ രാവിലെ ക്യാപ്റ്റൻ മേക്കപ്പിട്ട് വന്നാല്‍ ആദ്യം ചോദിക്കുക, ചഗീര്‍ എങ്കെ എന്നാണ് !!! (സഹീര്‍ എന്നതിന് തമിഴിലെ ഉച്ചാരണം ചഗീര്‍ എന്നാണ്).മൂന്ന് മാസം….. സ്ഥിരമായി….. ഒരു ദിവസം പോലും ഒഴിയാതെ അദ്ദേഹവുമായുള്ള സമ്പര്‍ക്കം. മലയാളത്തിലിറങ്ങിയ ഹിറ്റ് സിനിമകള്‍ ഏതൊക്കെ? ഇതില്‍ മമ്മൂട്ടി അഭിനയിച്ചത് ഏതൊക്കെ? അതിന്റെയൊക്കെ കഥയെന്ത് ? ഇതൊക്കെ ചോദിച്ചു കൊണ്ടേയിരുന്നു. ഛായാഗ്രഹണ സഹായിയുടെ ജോലി ചെയ്യാൻ സമ്മതിക്കാതെ പിടിച്ച്‌ അടുക്കല്‍ നിര്‍ത്തി കഥകള്‍ കേള്‍പ്പിക്കുന്നതില്‍ കുട്ടൻ സാറിന് സ്വാഭാവികമായി നീരസമുണ്ടായിരുന്നു. പലപ്പോഴും എന്നോട് അത് സൂചിപ്പിക്കുകയയും ചെയ്തിരുന്നു.

‘ഞാനെന്ത് ചെയ്യാനാ സര്‍ ?’ എന്റെ അവസ്ഥ കുട്ടൻ സാറിനോട് പറഞ്ഞു. ഷൂട്ട് ഏതാണ്ട് തീരാറാകുന്നു.

‘ചകീര്‍, നീ സൊന്നെ പടത്തോടെയെല്ലാ ഡിവിഡി അറേഞ്ച് പണ്ണണൊ. അപ്പുറോ, എന്നെ…… എന്നെ മട്ടും ഇൻഫോം പണ്ണണൊ. ഉനക്കെപ്പടി വരണംന്നാ അതേപടി.ഫ്ലൈറ്റാ ട്രെയിനാ. ഒണ്ണും പ്രച്നല്ലെ. എന്നുടെ ഹോം തിയറ്ററിലിരുന്ത് എല്ലാത്തെയും പാത്ത്, ഡിസൈഡ് പണ്ണി, ഒരു ലിസ്റ്റ് എടുക്കലാം. അന്ത ലിസ്റ്റിലിരിക്ക് പടത്തോടെ പ്രൊഡ്യൂസറെ പാത്ത് അവര്‍ കയ്യില്ന്ത് അന്ത റൈറ്റ് എനക്ക് നീയേ വാങ്കി കൊടുത്തിടണോ. അത് മട്ടും താൻ നീ എനക്ക് സെയ്യ വേണ്ടിയ ഉദൈവി’

ഞാൻ കണ്ണ് മിഴിച്ച്‌ നോക്കി നിന്നു. ഷൂട്ട് അവസാനിച്ച ദിവസം, എവിഎം സ്റ്റുഡിയോയുടെ ഒരു ഭാഗത്ത് ഞാനും ക്യാപ്റ്റനും മാത്രം. ”ഉനക്ക് എന്ന വേണോ ? ഇന്ത ചെന്നൈയില നീ സൊല്‍റ ഇടമേതോ അങ്കെ, ഉനക്കാകെ ഒരു ഫ്ലാറ്റ്. നീ താ ഇനി മേ നമ്മ കമ്ബനിയൊടേ സ്വന്ത ക്യാമറാമാൻ. അപ്പുറം, ഏന്നുടെ എൻജിനിയറിങ് കോളജിലെ, ഉങ്ക ഏര്‍പ്പാടിലേ എത്തന പസങ്കയിരുന്താലും അവര്‍ക്ക് അഡ്മിസൻ. അതും ഫ്രീയാ. അതില്‍ വരവേണ്ടിയ ഡൊേണഷനെയെല്ലാ നീയേ എടുത്തുക്കണോ’ വര്‍ഷങ്ങള്‍ തപസ്സനുഷ്ടിച്ച്‌ അവസാനം ഇഷ്ടദേവനോ ദേവിയോ പ്രത്യക്ഷപ്പെട്ട് വരം കൊടുക്കുന്നത് ചിത്രകഥകളില്‍ വായിച്ചിട്ടുള്ള ഞാൻ, ഇതേതെങ്കിലും സ്വപ്നമാണോ എന്ന് വിചാരിച്ച്‌ അന്തം വിട്ടു.’ഇനി ഏതാവത് ഉനക്ക് വേണംന്നാ സൊല്ലുങ്കെ. നാൻ തരേ”

‘ഇത് എന്നുടെ പേര്‍സനല്‍ നമ്പര്‍. ഇന്ത നമ്പര്‍ നാ വേറെയാറ്ക്കും കൊടുക്കമാട്ടാ”

ഞാനദ്ദേഹത്തിന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.’നീ ഉടനടിയാ ഇതെല്ലാം അറേഞ്ച് പണ്ണുങ്കെ. എന്നെ കൂപ്പിട്. വോക്കെ ?ഓക്കെ’.ആ വാക്ക് ഞാൻ പാലിച്ചില്ല, മനഃപൂര്‍വം. പ്രായത്തിന്റെ അഹന്തയോ വീണ്ടുവിചാരമില്ലായ്മോ ?! പല തവണ ആ മനുഷ്യൻ എന്നെ അന്വേഷിച്ചിരുന്നു. ബന്ധപ്പെട്ടില്ല.കാലചക്രം തിരിഞ്ഞു കൊണ്ടിരുന്നു. സിനിമയില്‍ നിന്ന് ഒഴിഞ്ഞു മാറി നിന്ന നീണ്ട 14 വര്‍ഷങ്ങള്‍ക്കിടയില്‍ അദ്ദേഹം സ്വന്തമായി ഒരു രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി.

തമിഴ്നാട് രാഷ്ട്രീയ മുഖ്യധാരയില്‍ ആ പാര്‍ട്ടി ശ്രദ്ധേയ സാന്നിദ്ധ്യമായി. നാല് വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു ചെന്നൈ യാത്രയ്ക്കിടയില്‍ അദ്ദേഹത്തെ കാണാനുള്ള മോഹമുണ്ടായി. പക്ഷേ….. പ്രധാന അതിഥികളെയല്ലാതെ ഒരു സന്ദര്‍ശകരെയും കാണാൻ അനുവദിക്കില്ല എന്നറിഞ്ഞപ്പോ…….പ്രിയപ്പെട്ട ക്യാപ്റ്റൻ ഇനിയില്ല. മാപ്പ് അണ്ണേ മാപ്പ്’- സഹീര്‍ മുഹമ്മദ് കുറിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button