ഡൽഹി: രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് മുസ്ലീം ലീഗ് ജമ്മു കശ്മീരിനെ വിലക്കിയതായി കേന്ദ്ര സർക്കാർ. സംഘടനയ്ക്കെതിരെ യുഎപിഎ ചുമത്തിയതായും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ബുധനാഴ്ചയാണ് സംഘടനയെ വിലക്കി സർക്കാർ ഉത്തരവിറങ്ങിയത്. സംഘടനയുടെ അംഗങ്ങൾ രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി കണ്ടെത്തിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി.
സംഘടനയിലെ അംഗങ്ങൾ ജമ്മു കശ്മീരിൽ മുസ്ലീം ഭരണക്രമം പ്രാവർത്തികമാക്കാൻ ശ്രമിച്ചുവെന്നും അമിത് ഷാ പറഞ്ഞു.മസറത്ത് ആലം ഭട്ട് ചെയർമാനായ സംഘടന, ഇന്ത്യാവിരുദ്ധവും പാകിസ്ഥാൻ അനുകൂലവുമായ പ്രചാരണങ്ങളാലാണ് അറിയപ്പെടുന്നത്. ഇന്ത്യയിൽ നിന്ന് ജമ്മു കശ്മീരിനെ സ്വതന്ത്രമാക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ കണ്ടെത്തൽ.
നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി പാകിസ്ഥാനിൽ നിന്നും പാക് അനുകൂല സംഘടനകളിൽ നിന്നും മുസ്ലീം ലീഗ് ജമ്മു കശ്മീർ പണം സ്വീകരിച്ചുവെന്നും ഭീകരവാദ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് കണ്ടെത്തിയതായും സർക്കാർ ഉത്തരവിൽ പറയുന്നു. രാജ്യത്തിന്റെ ഐക്യം, സുരക്ഷ, മതസൌഹാർദ്ദം എന്നിവ തകർക്കുന്ന ഭീകര വിരുദ്ധ പ്രവർത്തനങ്ങളിൽ സംഘടനയുടെ പങ്ക് കണ്ടെത്തിയെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തിന്റെ ഐക്യവും പരമാധികാരവും അഖണ്ഡതയും തകർക്കാൻ ശ്രമിക്കുന്ന ആരെയും വെറുതെ വിടില്ലെന്ന, പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാർ നൽകുന്ന സന്ദേശം ഉറച്ചതാണെന്ന് അമിത് ഷാ പറഞ്ഞു.
Post Your Comments