Latest NewsKeralaNews

ജനിതക രോഗങ്ങളുടെ ചികിത്സ: എസ്എടി ആശുപത്രിയിൽ മെഡിക്കൽ ജനറ്റിക്സ് വിഭാഗം ആരംഭിക്കുന്നു

തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മെഡിക്കൽ ജനറ്റിക്സ് വിഭാഗം ആരംഭിക്കുന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി ഒരു പ്രൊഫസറുടേയും ഒരു അസി. പ്രൊഫസറുടേയും തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ട്. അപൂർവ ജനിതക രോഗ പ്രതിരോധത്തിലും ചികിത്സയിലും ഗവേഷണത്തിലും നിർണായക ചുവടുവയ്പ്പാണിത്. ജനറ്റിക്സ് വിഭാഗം ആരംഭിക്കാനായി മന്ത്രി തലത്തിൽ നിരവധി തവണ യോഗം ചേർന്നാണ് അന്തിമ രൂപം നൽകിയതെന്ന് മന്ത്രി പറഞ്ഞു.

Read Also: പടിയിറങ്ങുന്നത് അഭിമാനത്തോടെ: കെഎസ്ആർടിസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടങ്ങൾക്ക് കാരണമാകാൻ കഴിഞ്ഞതായി ആന്റണി രാജു

എസ്എടി ആശുപത്രിയെ അപൂർവ രോഗങ്ങളുടെ സെന്റർ ഓഫ് എക്സലൻസായി തെരഞ്ഞെടുത്തിരുന്നു. സംസ്ഥാനത്ത് ആദ്യമായി ഈ സർക്കാർ എസ്എംഎ ക്ലിനിക്ക് ആരംഭിച്ചതും എസ്എടിയിലാണ്. ഭാവിയിൽ മെഡിക്കൽ ജനറ്റിക്സ് വിഭാഗത്തിൽ ഡിഎം കോഴ്സ് ആരംഭിക്കാനാകുന്നതോടെ ഈ മേഖലയിൽ നിരവധി വിദഗ്ധരെ സൃഷ്ടിക്കാൻ സാധിക്കും. വേഗത്തിൽ വികസിച്ചു കൊണ്ടിരിക്കുന്ന ഒരു ശാസ്ത്ര ശാഖയാണ് മെഡിക്കൽ ജനറ്റിക്സ്. ജനിതക രോഗങ്ങൾ വളരെ നേരത്തെ കണ്ടെത്തി പ്രതിരോധിക്കുന്നതിലും ചികിത്സിക്കുന്നതിലും മെഡിക്കൽ ജനറ്റിക്സിന് പ്രധാന പങ്കുണ്ട്. ഗർഭാവസ്ഥയിൽ തന്നെ ജനിതക രോഗങ്ങൾ കണ്ടെത്തി ചികിത്സ ഉറപ്പാക്കുകയും പ്രധാനമാണ്. എസ്.എ.ടി. ആശുപത്രിയിൽ നിലവിൽ ജനറ്റിക്സിന് ചികിത്സയുണ്ടെങ്കിലും ആദ്യമായാണ് ഒരു പ്രത്യേക വിഭാഗമാക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

ഇതിലൂടെ അപൂർവ ജനിതക രോഗങ്ങളുടെ ചികിത്സയ്ക്ക് സ്ഥിരം സംവിധാനമാകുന്നു. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് പുതിയ രോഗികളുടെ ഒപി പ്രവർത്തിക്കുന്നത്. ചൊവ്വാഴ്ച ജനറ്റിക്സ് ഒപിയും വെള്ളിയാഴ്ച അപൂർവ രോഗങ്ങളുടെ സ്പെഷ്യൽ ഒപിയും പ്രവർത്തിക്കുന്നു. ബാക്കി ദിവസങ്ങളിൽ തുടർ ചികിത്സയാണ് ലഭ്യമാക്കുന്നത്. ജനറ്റിക്സ് വിഭാഗം യാഥാർത്ഥ്യമാകുന്നതോടെ എല്ലാ വിഭാഗങ്ങളിലുമുള്ള അപൂർവ ജനിതക രോഗങ്ങൾക്കും മികച്ച രീതിയിൽ ചികിത്സയും സേവനവും നൽകാനാകും. നിലവിൽ സിഡിസിയിലെ ജനറ്റിക്സ് ലാബിലാണ് ജനിതക പരിശോധനകൾ നടത്തുന്നത്. ഇതുകൂടാതെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജനറ്റിക്സ് ലാബ് സജ്ജമാക്കി വരികയാണ്. ഇതോടെ കൂടുതൽ പരിശോധനകൾ വേഗത്തിൽ നടത്താനും ചികിത്സ ഉറപ്പാക്കാനും സാധിക്കുമെന്ന് വീണാ ജോർജ് ചൂണ്ടിക്കാട്ടി.

അപൂർവ രോഗം ബാധിച്ചിട്ടുള്ള കുഞ്ഞുങ്ങളുടെ ചികിത്സയും തുടർ പ്രവർത്തനങ്ങളും ഉറപ്പാക്കുന്നതിന് വേണ്ടി വലിയ പ്രവർത്തനങ്ങളാണ് സർക്കാർ നടത്തി വരുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Read Also: അന്ന് എന്ത് ചെയ്യണമെന്നറിയാതെ ഹോട്ടലിൽ തനിച്ചിരുന്ന സഞ്ജുവിനെ രോഹിത് പുറത്തേക്ക് കൊണ്ടുപോയി; വെളിപ്പെടുത്തൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button