ഹൈദരാബാദ്: കല്യാണ ഭക്ഷണത്തിൽ നിന്നും വധുവിന്റെ വീട്ടുകാർ മട്ടൺ ബോൺ മജ്ജ ഒഴിവാക്കിയെന്നാരോപിച്ച് വിവാഹം തന്നെ വേണ്ടെന്ന് വെച്ച് വരന്റെ വീട്ടുകാർ. കല്യാണ പന്തലിൽ വെച്ച് വരന്റെ വീട്ടുകാരും വധുവിന്റെ വീട്ടുകാരും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് വിവാഹം മുടങ്ങി. തെലങ്കാനയിലാണ് വിചിത്ര സംഭവം നടന്നത്. വധു നിസാമാബാദ് സ്വദേശിയും വരൻ ജഗ്തിയാൽ സ്വദേശിയുമാണ്. നവംബറിൽ വധുവിന്റെ വസതിയിൽ വച്ചായിരുന്നു ഇവരുടെ വിവാഹനിശ്ചയം നടത്തിയത്.
വധുവിന്റെ വീട്ടുകാർ, അവരുടെ കുടുംബാംഗങ്ങളും വരന്റെ ബന്ധുക്കളും ഉൾപ്പെടെയുള്ള അതിഥികൾക്ക് നോൺ വെജിറ്റേറിയൻ മെനു ഒരുക്കിയിരുന്നു. വിവാഹ നിശ്ചയ ചടങ്ങിന് ശേഷം ആട്ടിറച്ചിയുടെ മജ്ജ വിളമ്പുന്നില്ലെന്ന് അതിഥികൾ ചൂണ്ടിക്കാണിച്ചതോടെ വഴക്കുണ്ടായി. തുടർന്ന് പോലീസ് സ്ഥലത്തെത്തി. ലോക്കൽ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വഴക്ക് പരിഹരിക്കാൻ വരന്റെ വീട്ടുകാരെ അനുനയിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും തങ്ങൾ അപമാനിക്കപ്പെട്ടുവെന്ന് സംഘം പറഞ്ഞു.
മജ്ജ മെനുവിൽ ഇല്ലെന്ന വസ്തുത വധുവിന്റെ വീട്ടുകാർ ബോധപൂർവം തങ്ങളിൽ നിന്ന് മറച്ചുവെച്ചതായി അവർ വാദിച്ചു. തുടർന്ന്, വരന്റെ വീട്ടുകാർ കല്യാണം വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. ഏറെ പ്രശംസ നേടിയ ഒരു തെലുങ്ക് സിനിമയുടെ ഇതിവൃത്തത്തോട് സാമ്യമുള്ളതാണ് സംഭവം എന്ന് പലരും ചൂണ്ടിക്കാട്ടി. മാർച്ചിൽ റിലീസ് ചെയ്ത ‘ബലഗം’ എന്ന സിനിമ, രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ആട്ടിറച്ചി മജ്ജയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വിവാഹം മുടങ്ങുന്ന കഥയാണ് പറഞ്ഞത്.
Post Your Comments