ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ആഭ്യന്തര സൂചികകൾ മികച്ച പ്രകടനം കാഴ്ചവച്ചതോടെയാണ് ഇന്നും വ്യാപാരം മുന്നേറിയത്. ബിഎസ്ഇ സെൻസെക്സ് 229 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 71,336-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 91.95 പോയിന്റ് നേട്ടത്തിൽ 21,441.35-ലാണ് വ്യാപാരം പൂർത്തിയാക്കിയത്. നിഫ്റ്റി 50-ൽ ഇന്ന് 41 ഓഹരികൾ പച്ച തൊട്ടപ്പോൾ, വെറും 9 ഓഹരികൾ മാത്രമാണ് നഷ്ടത്തിലേക്ക് വീണത്. സെൻസെക്സിൽ 2,292 ഓഹരികൾ നേട്ടത്തിലും, 1,599 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 139 ഓഹരികളുടെ വില മാറിയില്ല.
2024-ൽ അടിസ്ഥാന പലിശ നിരക്ക് ഏറ്റവും കുറഞ്ഞത് 3 തവണയെങ്കിലും വെട്ടിക്കുറയ്ക്കുമെന്ന് അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെ തുടർന്ന് ലോകത്തെ പ്രമുഖ ആറ് കറൻസികൾക്കെതിരെ ഡോളർ ഇൻഡക്സ് നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. മാസഗോൺ ഡോക്ക്, ഭാരത് ഡൈനാമിക്സ്, ടാറ്റ കെമിക്കൽസ്, അദാനി ഗ്രീൻ എനർജി, ലോറസ് ലാബ് തുടങ്ങിയവയുടെ ഓഹരികൾ കുതിച്ചു. എൻടിപിസി, മഹീന്ദ്ര & മഹീന്ദ്ര, വിപ്രോ, കൊട്ടക് ബാങ്ക്, ടാറ്റ സ്റ്റീൽ തുടങ്ങിയവയുടെ ഓഹരികളാണ് സെൻസെക്സിൽ നേട്ടം കൊയ്തത്. അതേസമയം, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ്, ഇൻഫോസിസ്, ടിസിഎസ്, ടാറ്റ മോട്ടോഴ്സ്, സൊമാറ്റോ, സൺ ടിവി, ബാങ്ക് ഓഫ് ഇന്ത്യ, പേടിഎം തുടങ്ങിയവയുടെ ഓഹരികൾക്ക് നിറം മങ്ങി.
Post Your Comments