Latest NewsNewsIndia

ഐ.എൻ.എസ് വർഷ – ഇന്ത്യൻ നാവിക സേനയുടെ രഹസ്യ നാവിക താവളം!

ആണവ അന്തർവാഹിനികൾ സൂക്ഷിക്കുന്ന ഇന്ത്യയുടെ രഹസ്യ നാവിക താവളമാണ് ഐഎൻഎസ് വർഷ. ഈസ്റ്റേൺ നേവൽ കമാൻഡാണ് ഈ നാവിക താവളത്തിൻ്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. വിശാഖപട്ടണമാണ് ഈസ്റ്റേൺ നേവൽ കമാൻഡിൻ്റെ ആസ്ഥാനം. നേരത്തെ ഗംഗാവരത്ത് നാവിക താവളം നിർമ്മിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ പിന്നീട് വിശാഖപട്ടണത്ത് നിന്ന് 50 കിലോമീറ്റർ അകലെയുള്ള റാംബിലിയിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ 46 യുദ്ധക്കപ്പലുകളാണ് ഐഎൻഎസ് വർഷ നാവിക താവളത്തിൽ നിലയുറപ്പിച്ചിരിക്കുന്നത്.

എട്ടു മുതൽ 12 അന്തർവാഹിനികളും ഐഎൻഎസ് വർഷ നാവിക താവളത്തിൽ പാർക്ക് ചെയ്യാൻ കഴിയും. ഐഎൻഎസ് വർഷ നിർമ്മിക്കുന്നത് വർഷ പ്രൊജക്ടിന് കീഴിലാണ്. ഇത് നേവൽ ആൾട്ടർനേറ്റീവ് ഓപ്പറേഷൻ ബേസ് രീതിയിലായിരിക്കും പ്രവർത്തിക്കുക. അടുത്ത വർഷത്തോടെ നാവിക താവളത്തിൻ്റെ പണി പൂർത്തിയാകുമെന്നാണ് കരുതുന്നത്. 2018ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നാവിക താവളം നിർമ്മിക്കാനുള്ള അനുമതി നൽകിയത്.

ആന്ധ്രാപ്രദേശിലെ അനകപള്ളി ജില്ലയിലാണ് റാംബിലി നേവൽ ബേസ് സ്ഥിതി ചെയ്യുന്നത്. കിഴക്ക്- പടിഞ്ഞാറ് തീരങ്ങൾ ഇന്ത്യൻ നാവികസേനയ്ക്ക് സംരക്ഷണ വലയം തീർക്കാൻ കഴിയുന്ന രീതിയിലാണ് ഇതിൻ്റെ സ്ഥാനം. പുറത്തു കാണാത്ത രീതിയിൽ ഭൂഗർഭ രീതിയിലാണ് ആസ്ഥാനം നിർമ്മിച്ചിരിക്കുന്നതെന്നുള്ളതാണ് പ്രത്യേകത. ആണവോർജ്ജ ശേഷിയുള്ള എട്ടു മുതൽ 12 വരെ ബാലിസ്റ്റിക് അന്തർവാഹിനികളും ആക്രമണ അന്തർവാഹിനികളും ഈ തുരങ്കങ്ങൾക്കുള്ളിൽ സൂക്ഷിക്കും. നേവൽ ബേസിന് അണ്ടർവാട്ടർ ടണലുകൾ ഉണ്ടാകും, അതിനുള്ളിലായിരിക്കും അന്തർവാഹിനികൾ സൂക്ഷിക്കുന്നത്. അതേസമയം, ഇന്ത്യ നാവിക ശക്തി വർധിപ്പിക്കുന്നതിൽ ചെെനയും പാക്കിസ്ഥാനും അസ്വസ്ഥരാണെന്ന സൂചനകളും പുറത്തു വരുന്നുണ്ട്.

shortlink

Post Your Comments


Back to top button