ന്യൂഡൽഹി: രാജ്യത്ത് ആനയും മനുഷ്യനും തമ്മിലുണ്ടായ സംഘർഷത്തിൽ പൊലിഞ്ഞത് ആയിരക്കണക്കിന് ജീവനുകൾ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ആനയുടെ ആക്രമണത്തെ തുടർന്ന് 1,701 ആളുകൾക്കാണ് ജീവൻ നഷ്ടമായത്. രാജ്യസഭാ സമ്മേളനത്തിൽ സർക്കാർ പങ്കുവെച്ച ഔദ്യോഗിക കണക്കുകൾ പ്രകാരമുള്ള എണ്ണമാണിത്. അതേസമയം, കഴിഞ്ഞ 5 വർഷത്തിനിടെ 10 സംസ്ഥാനങ്ങളിലായി വൈദ്യുതാഘാതമേറ്റ് മരിച്ച ആനകൾ 379 എണ്ണമാണ്.
2020-നും 2023-നും ഇടയിൽ 16 സംസ്ഥാനങ്ങളിലായാണ് 1,701 മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. 2022-23-ലാണ് ഏറ്റവും കൂടുതൽ മരണം. ഇക്കാലയളവിൽ ഏകദേശം 605 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. 2022-23 കാലയളവിൽ ഉണ്ടായ മൊത്തം മരണങ്ങളിൽ കൂടുതലും ഒഡീഷയിലാണ്. 148 മരണങ്ങളാണ് ഒഡീഷയിൽ ഉണ്ടായിട്ടുള്ളത്. 97 മരണങ്ങൾ പശ്ചിമ ബംഗാളിലും, 96 ഛത്തീസ്ഗഡിലും റിപ്പോർട്ട് ചെയ്തു. 2021-22 കാലയളവിൽ ഇത് 535 പേരായിരുന്നു. 2020-21-ൽ, 461 മരണങ്ങളാണ് ഉണ്ടായിട്ടുള്ളത്. വൈദ്യുതാഘാതമേറ്റ് മരിച്ചതിനു പുറമേ, 5 വർഷത്തിനിടെ 75 ആനകൾ ട്രെയിൻ തട്ടിയും മരിച്ചിട്ടുണ്ട്.
Post Your Comments