വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവ വെട്ടിച്ചുരുക്കാൻ ഇന്ത്യയ്ക്ക് മേൽ സമ്മർദം വർദ്ധിക്കുന്നു. ഇതിന്റെ ഭാഗമായി വിവിധ സ്വതന്ത്ര വ്യാപാര കരാറുകളിൽ ഇക്കാര്യം ഉൾപ്പെടുത്താൻ യുകെ, അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ തീരുമാനിച്ചിട്ടുണ്ട്. വിദേശ നിർമ്മിത വാഹനങ്ങളുടെ ഇറക്കുമതി നികുതി 30 ശതമാനമാക്കി കുറയ്ക്കണമെന്നാണ് മറ്റ് രാജ്യങ്ങളുടെ ആവശ്യം. അതേസമയം, ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ മേൽ കാർബൺ നികുതി പോലുള്ള വ്യാപാര ഇതര നികുതികൾ ഈടാക്കുന്നതിൽ ഇളവ് നൽകുകയാണെങ്കിൽ, വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കാൻ ഇന്ത്യ തയ്യാറായേക്കുമെന്നാണ് സൂചന.
യുകെയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതി ഇളവുകൾ നൽകാൻ സാധ്യതയുണ്ട്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, യുകെയിൽ നിന്നും 80,000 ഡോളറിൽ അധികം വിലയുള്ള 25,000 കാറുകൾക്ക് 30 ശതമാനം നികുതി ഈടാക്കി ഇറക്കുമതിക്ക് അനുമതി നൽകാമെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്. നിലവിൽ, 40,000 ഡോളർ വരെയുള്ള വാഹനങ്ങൾക്ക് 70 ശതമാനം നികുതിയാണ് ഇന്ത്യ ഈടാക്കുന്നത്. 40,000 ഡോളറിന് മുകളിലാണെങ്കിൽ 100 ശതമാനമാണ് ഇറക്കുമതി നികുതി.
Post Your Comments