കാർ ബൈക്കിലിടിച്ച് 43കാരൻ കൊല്ലപ്പെട്ടു: വേർപെട്ടു പോയ തല കണ്ടെത്തിയത് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ

ചിറ്റൂർ: അമ്പാട്ടുപാളയം ഇറക്കത്തിൽ ഗവ. ഹയർസെക്കൻഡറി സ്കൂളിനുസമീപം ഞായറാഴ്ച പുലർച്ചെ കാർ ബൈക്കിലിടിച്ച് മീൻവിൽപ്പനയ്ക്കു പോകുകയായിരുന്നയാളുടെ തലയറ്റു. നല്ലേപ്പിള്ളി മാട്ടുമന്ത മരുതംപള്ളം പരേതനായ നാരായണന്റെ മകൻ മണികണ്ഠനാണ്‌ (43) തത്‌ക്ഷണം മരിച്ചത്. അഗ്നിരക്ഷാസേനയ്ക്കും പോലീസിനുമൊപ്പം നാട്ടുകാർ മൂന്നുമണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ്, ദൂരേയ്ക്കു തെറിച്ചുപോയ തല കണ്ടെടുക്കാനായത്. ബൈക്ക് പൂർണമായി കത്തിനശിച്ചു.

കാർയാത്രികരായ യുവാക്കൾ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഞായറാഴ്ച പുലർച്ചെ 3.45-ഓടെയാണ് സംഭവം. പുതുനഗരം മാർക്കറ്റിൽനിന്ന് മീൻ വാങ്ങിയശേഷം വില്പനയ്ക്കായി ചിറ്റൂർ ഭാഗത്തേക്ക് പോകുകയായിരുന്നു മണികണ്ഠൻ. അമ്പാട്ടുപാളയം ഇറക്കം പിന്നിട്ടപ്പോൾ എതിരേ വരികയായിരുന്ന കാർ നിയന്ത്രണംതെറ്റി റോഡിന്റെ വലതുവശത്തേക്ക് കയറുകയും ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയുമായിരുന്നു. അമിതവേഗത്തിലായിരുന്ന കാർ സമീപത്തെ ചാലിലേക്കിറങ്ങി പലവട്ടം തകിടം മറിഞ്ഞു.

തുടർന്ന്, എതിർദിശയിലേക്ക് തിരിഞ്ഞ് റോഡരികിലെ മേൽക്കൂര പൊളിച്ചിട്ടിരിക്കുന്ന കെട്ടിടത്തിന്റെ ഭിത്തിയിൽ പിൻഭാഗം ഇടിച്ചശേഷം തലകീഴായി മറിഞ്ഞുനിന്നു. ബൈക്ക് യാത്രികന്റെ ശരീരത്തിൽനിന്ന് തല വേർപെട്ട് ദൂരേക്കു തെറിച്ചു. ഇടിയുടെ ആഘാതത്തിൽ പിന്നിലേക്ക് ഏറെ ദൂരം തെറിച്ചുപോയ ബൈക്ക് റോഡരികിൽ വീണ് കത്തിയമർന്നു. ശബ്ദംകേട്ട് വീടുകളിൽനിന്ന് എഴുന്നേറ്റുവന്ന നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിലേർപ്പെട്ടത്.

കൊല്ലം കരുനാഗപ്പള്ളി രജിസ്ട്രേഷനിലുള്ളതാണ് കാർ. കാറിലുണ്ടായിരുന്ന ചിറ്റൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് വിദ്യാർഥികളായ കുമളി സ്വദേശി വസീം സലീം (29), തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി ഗണപതി (29), കൊല്ലം കടത്തൂർ തഴവ സ്വദേശി സായിയാദവ് (26), ചെങ്ങന്നൂർ സ്വദേശി അശോക് (24) എന്നിവരെ ചെറിയ പരിക്കുകളോടെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിന്റെ പിൻഭാഗവും ഇടതുവശവും പൂർണമായി തകർന്നു.

Share
Leave a Comment