ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. നിലവിലെ കണക്കുകൾ അനുസരിച്ച് ഇന്ത്യയിൽ സജീവ കൊവിഡ് കോസുകൾ 4000 കടന്നിരിക്കുകയാണ്. കേരളത്തിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഉപവകഭേദമായ ജെഎൻ1 കേസുകളാണ് വർധിക്കുന്നത്. ഇന്നലെ ഒരു മരണം കൂടി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കെടുത്താൽ 4,054 സജീവ കൊവിഡ് കേസുകളാണ് രാജ്യത്തുള്ളത്. പ്രതിദിന കേസുകള്‍ കുടുതല്‍ കേരളത്തിലാണ്. 128 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കേസുകള്‍ 3128 ആയി. ഒരു കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 315 പേർ രോഗമുക്തി നേടി. രാജ്യത്താകെ കൊവിഡ് ഭേദമായവരുടെ എണ്ണം 4.44 കോടിയായി. കൊവിഡ് മരണങ്ങളാകട്ടെ 5,33,334 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.81 ശതമാനവും മരണനിരക്ക് 1.18 ശതമാനവുമാണെന്ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്ത് കേസുകൾ വർധിച്ചതിനെ തുടർന്ന് കർണാടക-കേരള അതിർത്തിയിൽ പരിശോധന കർശനമാക്കി.
കേന്ദ്രം കാര്യങ്ങൾ നിരീക്ഷിച്ച് വരികയാണ്. വിമാനത്താവളങ്ങളിൽ തൽക്കാലം നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടെന്നാണ് തീരുമാനം. വിമാനത്താവളങ്ങളിൽ പരിശോധന നിർബന്ധമാക്കില്ല. എന്നാൽ കൊവിഡ് സ്ഥിരീകരിച്ച എല്ലാ സാമ്പിളുകളും ജനിതകശ്രേണീ പരിശോധനയ്ക്ക് അയക്കാനും കേന്ദ്രം നിർദേശിച്ചു. നിലവില്‍ പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നാണ് കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍. മറ്റ് അസുഖങ്ങളുള്ളവര്‍ മാസ്ക് ഉള്‍പ്പെടെയുള്ള മുന്‍കരുതലുകളെടുക്കാനും നിര്‍ദേശമുണ്ട്.
Post Your Comments