കോൺഗ്രസ് എം.പി ധീരജ് സാഹുവിന്റെ സ്ഥലത്തുനിന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത 351 കോടി രൂപയിൽ 329 കോടി രൂപയും ഒഡീഷയിലെ ചെറുപട്ടണങ്ങളിലെ ജീർണിച്ച് പകുതി കാട് പിടിച്ച കെട്ടിടങ്ങളിലെ മറഞ്ഞിരിക്കുന്ന അറകളിൽ നിന്നാണ് കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥർ. ഒഡീഷയിലെ ബൊലാൻഗീർ ജില്ലയിലെ സുദാപദ, ടിറ്റ്‌ലഗഡ്, സംബൽപൂർ ജില്ലയിലെ ഖേത്രജ്‌രാജ്പൂർ എന്നിവയുൾപ്പെടെ ഒഡീഷയിലെ ചെറുപട്ടണങ്ങളിൽ സ്ഥിതി ചെയ്യുന്ന ആളൊഴിഞ്ഞതോ അല്ലാത്തതോ ആയ കെട്ടിടങ്ങളിൽ നിന്നാണ് പണം കണ്ടെത്തിയത്.
ഒഡീഷ, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ ആദായനികുതി വകുപ്പ് മാരത്തൺ തിരച്ചിൽ നടത്തിയിരുന്നു. ഡിസംബർ 6 ന് ആരംഭിച്ച പരിശോധന ഒരാഴ്ചയിലേറെ നീണ്ടുനിന്നു. മൂന്ന് സംസ്ഥാനങ്ങളിലെ 10 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 30-ലധികം സ്ഥലങ്ങളിലായിരുന്നു പരിശോധന. പരിശോധനയ്ക്കിടെ, രേഖകളുടെയും ഡിജിറ്റൽ ഡാറ്റയുടെയും രൂപത്തിലുള്ള കുറ്റകരമായ തെളിവുകൾ കണ്ടെത്തുകയും പിടിച്ചെടുക്കുകയും ചെയ്തതായി ആദായനികുതി വകുപ്പ് അറിയിച്ചു.
റെയ്ഡിൽ 100-ലധികം ഐ-ടി ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു. 40 ലധികം മെഷീനുകൾ ഉപയോഗിച്ചാണ് പിടിച്ചെടുത്ത പണം എണ്ണി തീർത്തത്. ഗ്രൂപ്പിന്റെ ബിസിനസ്സ് നിയന്ത്രിക്കുന്നത് ജാർഖണ്ഡിലെ റാഞ്ചി ആസ്ഥാനമായുള്ള ഒരു കുടുംബമാണ്. കൂടാതെ കുടുംബാംഗങ്ങളിൽ ഒരാൾ റാഞ്ചിയിൽ താമസിക്കുന്ന രാഷ്ട്രീയമായി തുറന്നുകാട്ടപ്പെട്ട വ്യക്തി കൂടിയാണെന്ന് ഉദ്യോഗസ്ഥർ പ്രസ്താവനയിൽ അറിയിച്ചു. ജാർഖണ്ഡിൽ നിന്നുള്ള കോൺഗ്രസിന്റെ രാജ്യസഭാ എം.പിയാണ് ധീരജ് സാഹു.
Post Your Comments