ചെന്നൈ: തമിഴ്നാട്ടിൽ വ്യാപക മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകൾക്ക് ഇന്നും അവധി പ്രഖ്യാപിച്ചു. കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി എന്നീ ജില്ലകളിലാണ് ഇന്ന് പൊതു അവധി നൽകിയിരിക്കുന്നത്. മഴക്കെടുതിയെ തുടർന്ന് ഈ ജില്ലകളിലെ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. മണിക്കൂറുകളോളം കനത്ത മഴയാണ് ഈ മേഖലകളിൽ അനുഭവപ്പെടുന്നത്. മഴ ശക്തമായതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിലും ഈ ജില്ലകൾക്ക് പൊതു അവധി പ്രഖ്യാപിച്ചിരുന്നു.
തോരാമഴയിൽ തെക്കൻ തമിഴ്നാട്ടിലെ ഭൂരിഭാഗം നദികളും കരകവിഞ്ഞൊഴുകുകയാണ്. ഇതിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ മുഴുവനും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇവിടെയുള്ള ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചിരിക്കുകയാണ്. അതേസമയം, ദുരന്തനിവാരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ജില്ലകളിൽ നിരവധി എൻഡിആർഎഫ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. റെയിൽവേ ട്രാക്കിൽ വെള്ളക്കെട്ട് രൂക്ഷമായതിനാൽ വിവിധ സംസ്ഥാനങ്ങളിലേക്കടക്കം സർവീസ് നടത്തുന്ന നിരവധി ട്രെയിനുകൾ ഇന്നും റദ്ദ് ചെയ്തു. കൂടാതെ, കന്യാകുമാരി, ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
Post Your Comments