വീണ്ടും ആശങ്കയായി കോവിഡ് വ്യാപനം: സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശവുമായി കേന്ദ്രം: അറിയാം ഇക്കാര്യങ്ങൾ

രാജ്യത്ത് പുതിയ കൊറോണ വൈറസ് വേരിയന്റായ JN.1 ന്റെ ആദ്യ കേസ് കണ്ടെത്തിയതിന് പിന്നാലെ സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശവുമായി കേന്ദ്രം. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും പകർച്ചപ്പനി പോലുള്ള അസുഖങ്ങളും കടുത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങളും നിരന്തരം നിരീക്ഷിച്ച് ജില്ല തിരിച്ച് റിപ്പോര്‍ട്ട് ചെയ്യണം. ഇന്റഗ്രേറ്റഡ് ഇന്‍ഫോര്‍മേഷന്‍ പ്ലാറ്റ്‌ഫോമില്‍ വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യണം. കൂടാതെ എല്ലാ ജില്ലകളിലും മതിയായ പരിശോധന ഉറപ്പാക്കാനും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വരാനിരിക്കുന്ന ഉത്സവകാലം കണക്കിലെടുത്ത്, ശ്വാസകോശ ശുചിത്വം പാലിക്കുന്നതിലൂടെ രോഗം പകരാനുള്ള സാധ്യത കുറയ്ക്കുന്നതിന് പൊതുജനാരോഗ്യ നടപടികളും മറ്റ് ക്രമീകരണങ്ങളും ഏര്‍പ്പെടുത്തേണ്ടതുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. നേരത്തെ തിരുവനന്തപുരം സ്വദേശിയായ 79 വയസ്സുള്ള സ്ത്രീയിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. കൂടാതെ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയില്‍ നിന്നുള്ള ഒരു യാത്രക്കാരനില്‍ സിംഗപ്പൂരില്‍ വെച്ച് ജെഎന്‍.1 ഉപവകഭേദം സ്ഥിരീകരിച്ചിരുന്നു.

കോവിഡിന്റെ JN.1 വകഭേദം ഒമിക്രോണ്‍ ഉപ-ഭേദമായ BA.2.86 /Pirola-യുടെ പിന്‍ഗാമിയായാണ് കണക്കാക്കപ്പെടുന്നത്. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) പ്രകാരം, BA.2.86 ന് സ്‌പൈക്ക് പ്രോട്ടീനില്‍ ആകെ 20 മ്യൂട്ടേഷനുകള്‍ ഉണ്ട്. കാരണം വൈറസുകള്‍ രോഗബാധിതന്റെ കോശങ്ങളിലേക്ക് കയറാന്‍ സ്‌പൈക്ക് പ്രോട്ടീനുകള്‍ ഉപയോഗിക്കുന്നതിനാല്‍ ഇത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. 2023 സെപ്റ്റംബറില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സിലാണ് ഇത് ആദ്യമായി കണ്ടെത്തിയത്.

ഡിസംബര്‍ 15 ന് ചൈന പ്രത്യേക ഉപ-വകഭേദത്തിന്റെ ഏഴ് അണുബാധകള്‍  ചൈനയില്‍ കണ്ടെത്തിയിരുന്നു. നേരിയ പനി, ചുമ, മൂക്കിലെ അസ്വാസ്ഥ്യം, തൊണ്ടവേദന, മൂക്കൊലിപ്പ്, മുഖത്ത് വേദന അല്ലെങ്കില്‍ മര്‍ദ്ദം, തലവേദന, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ JN.1 വേരിയന്റിന്റെ ലക്ഷണങ്ങളാണ്. നേരത്തെ കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും കോവിഡ്-19 കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കർണാടകയിൽ മാസ്ക് നിർബന്ധമാക്കിയിരുന്നു. മുതിർന്ന പൗരന്മാരും രോഗങ്ങളുള്ളവരും മാസ്ക് ധരിക്കണമെന്നാണ് കർണാടക ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ദിനേശ് ഗുണ്ടു റാവു നിർദ്ദേശിച്ചത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, രാജ്യത്ത് സജീവ കോവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയരുകയാണ്. അതിനിടെ അഞ്ച് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്തതിൽ നാലെണ്ണവും കേരളത്തിലാണ്. ‌മറ്റൊന്ന് ഉത്തർപ്രദേശിലാണ്.

രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 4.50 കോടിയാണ് (4,50,04,816). രോഗമുക്തി നേടിയവരുടെ എണ്ണം 4.46 കോടിയായി (4,44,69,799) ഉയർന്നു. ദേശീയ രോഗമുക്തി നിരക്ക് 98.81 ശതമാനമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ, 5,33,316 പേർക്കാണ് കോവിഡ് -19 മൂലം ജീവൻ നഷ്ടമായത്. കേസിലെ മരണനിരക്ക് 1.19 ശതമാനമാണ്. മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച്, രാജ്യത്ത് ഇതുവരെ 220.67 കോടി ഡോസ് കോവിഡ് വാക്‌സിൻ നൽകിയിട്ടുണ്ട്.

Share
Leave a Comment