ഡല്‍ഹി: കേന്ദ്രത്തില്‍ നിന്ന് നരേന്ദ്ര മോദി സര്‍ക്കാരിനെ പിഴുതെറിയുമെന്ന വെല്ലുവിളിയുമായി ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയ്ക്ക് നല്ല ഭാവിയുണ്ടെന്നും എല്ലാ നേതാക്കളും ഇന്ത്യ മുന്നണിയുടെ യോഗത്തിനെത്തുമെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു. ഡിസംബര്‍ 19ന് നിശ്ചയിച്ചിരിക്കുന്ന ഇന്ത്യ മുന്നണിയുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ എത്തിയതായിരുന്നു അദ്ദേഹം.
‘പ്രതിപക്ഷ സഖ്യമായിരിക്കും ഇത്തവണ രാജ്യത്ത് സര്‍ക്കാര്‍ രൂപീകരിക്കുക. നമ്മള്‍ ജയിക്കും. നാമെല്ലാവരും പൂര്‍ണ്ണമായും ഒറ്റക്കെട്ടാണ്. ഈ സഖ്യം നരേന്ദ്ര മോദിയുടെ സര്‍ക്കാരിനെ അട്ടിമറിക്കും. ഇന്ത്യ മുന്നണിയ്ക്ക് നല്ല ഭാവിയുണ്ട്. എല്ലാ നേതാക്കളും ഇന്ത്യ മുന്നണിയുടെ യോഗത്തിനെത്തും,’ ലാലു പ്രസാദ് യാദവ് പറഞ്ഞു.
എസ്‌പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ടിഎംസി അധ്യക്ഷ മമത ബാനര്‍ജി തുടങ്ങിയ നിരവധി പ്രമുഖ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. സീറ്റ് വിഭജനം സംബന്ധിച്ച് ചര്‍ച്ചകള്‍ അടക്കം യോഗത്തില്‍ നടക്കുമെന്നാണ് സൂചന. പ്രതിപക്ഷ സഖ്യത്തിന്റെ നാലാമത്തെ യോഗമാണിത്. രണ്ട് തവണ മാറ്റി വെച്ച ശേഷമാണ് നാലാം യോഗം ഡൽഹിയിൽ നടക്കുന്നത്. നേരത്തെ പട്ന, ബംഗളൂരു, മുംബൈ എന്നിവിടങ്ങളില്‍ ഇന്ത്യ മുന്നണിയുടെ യോഗങ്ങള്‍ നടന്നിരുന്നു.
Post Your Comments