കൊച്ചി: ലുലു ഹൈപ്പർ മാർക്കറ്റിന്റെ പേരിൽ വ്യാജ പ്രചരണം നടത്തി, വ്യക്തികളെ കബളിപ്പിക്കുന്ന തട്ടിപ്പുകൾക്കെതിരെ ലുലു ഗ്രൂപ്പ് രംഗത്ത്. ക്രിസ്തുമസ്, പുതുവത്സരം എന്നിവ എത്താറായതോടെ ലുലു ഗ്രൂപ്പിന്റെ പേരിൽ ആകർഷകമായ സമ്മാനങ്ങൾ വാഗ്ദാനം ചെയ്താണ് തട്ടിപ്പ് സംഘം ആളുകളെ കബളിപ്പിക്കുന്നത്. ഹൈപ്പർമാർക്കറ്റ് പ്രമോഷൻ എന്ന വ്യാജേന വെബ്സൈറ്റുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഓൺലൈൻ ചാനലുകളിലൂടെയും വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്. സമ്മാനങ്ങൾ വാഗ്ദാനം ചെയ്തിട്ടുള്ള വ്യാജ ലിങ്കുകൾ ആളുകൾക്ക് അയച്ചാണ് തട്ടിപ്പ് നടത്തുന്നത്.
ലുലു ഹൈപ്പർ മാർക്കറ്റിന്റെ പേരിലുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളാണ് പ്രധാനമായും ആവശ്യപ്പെടുന്നത്. പ്രശസ്ത ബ്രാൻഡുകളുടെ പേരുകൾ ഉപയോഗിക്കുന്നതിനാൽ ഉപഭോക്താക്കൾ ഇത്തരം തട്ടിപ്പുകൾക്ക് അതിവേഗത്തിൽ ഇരയാകുന്നുണ്ടെന്നാണ് കണ്ടെത്തൽ. നിങ്ങൾക്ക് ലുലു ഹൈപ്പർ മാർക്കറ്റിനെ കുറിച്ച് അറിയുമോ, എത്ര വയസ്സായി, സ്ത്രീയാണോ പുരുഷനാണോ തുടങ്ങിയ ചോദ്യങ്ങളാണ് ഉപഭോക്താക്കളോട് ചോദിക്കുന്നത്. ഇവയ്ക്ക് കൃത്യമായ ഉത്തരം നൽകിയതിന് പിന്നാലെ, വിലയേറിയ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് തട്ടിപ്പ്.
സമ്മാനം ലഭിച്ചാൽ ഉടൻ തന്നെ ഇത് ഇരുപത് പേർക്കോ, അഞ്ച് വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്കോ ഫോർവേർഡ് ചെയ്യണമെന്ന നിബന്ധനകളും എത്തും. സമ്മാനം ലഭിക്കുമെന്ന് തെറ്റിധരിച്ച് ഫോർവേർഡ് ചെയ്യപ്പെടുന്ന ഈ സന്ദേശങ്ങൾ നിമിഷങ്ങൾക്കുള്ളിൽ നിരവധി പേരിലേക്കാണ് എത്തുന്നത്. ഇത്തരം തട്ടിപ്പിൽ അകപ്പെടാതെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ലുലു മാനേജ്മെന്റ് ആവശ്യപ്പെട്ടു. ഇത്തരം സന്ദേശങ്ങൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യരുതെന്നും ഓൺലൈൻ തട്ടിപ്പ് തിരിച്ചറിയണമെന്നും ലുലു ഗ്രൂപ്പ് വ്യക്തമാക്കി.
Post Your Comments