തിരുവനന്തപുരം: വിവാഹ സീസണുകൾ എത്താറായതോടെ സംസ്ഥാനത്ത് കത്തിക്കയറി മുല്ലപ്പൂ വില. നിലവിൽ, ഒരു കിലോ മുല്ലപ്പൂവിന് 2,700 രൂപയാണ് വിപണി വില. ഇതോടെ, ഒരു മീറ്റർ മുല്ല മാല വാങ്ങണമെങ്കിൽ 750 രൂപ ചെലവാകും. രണ്ട് മാസം മുൻപ് വരെ ഒരു കിലോ മുല്ലപ്പൂവിന് 500 രൂപ മുതൽ 700 രൂപ വരെയായിരുന്നു വില. വരും മാസങ്ങളിൽ മുല്ലപ്പൂവിന് ഡിമാൻഡ് ഉയരാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് വില കുത്തനെ ഉയർന്നിരിക്കുന്നത്.
തോവാളയിൽ നിന്നാണ് തിരുവനന്തപുരം അടക്കമുള്ള തെക്കൻ ജില്ലകളിൽ മുല്ലപ്പൂവ് എത്തുന്നത്. ഇവിടെ നിന്നും കിലോയ്ക്ക് 2500 രൂപക്കാണ് മുല്ലപ്പൂവ് ലഭ്യമാകുന്നത്. എന്നാൽ, വിപണിയിൽ എത്തുന്നതോടെ 2,700 രൂപയായി വർദ്ധിക്കും. മുല്ലപ്പൂവ് കേടാവുകയാണെങ്കിൽ വിലയും കൂടുന്ന സാഹചര്യമാണ് ഉള്ളത്.
മുല്ലപ്പൂവിന് പുറമേ, താമരയുടെ വിലയും കുത്തനെ ഉയർന്നിട്ടുണ്ട്. മൂന്ന് മാസം മുൻപ് വരെ ഒരു താമരയുടെ വില 5 രൂപയായിരുന്നു. എന്നാൽ, 30 രൂപയാണ് ഇപ്പോഴത്തെ വില. തോവാളയിൽ നിന്ന് തന്നെയാണ് താമരയും എത്തുന്നത്. കൂടാതെ, വെള്ളായണിയിൽ നിന്നും താമര എത്തുന്നുണ്ട്. ജനുവരി പകുതിയോടെ താമരയുടെ വില കുറഞ്ഞേക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.
Post Your Comments