തൃശ്ശൂർ: തൃശ്ശൂരിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ എക്സൈസിന്റെ പിടിയില്‍. മുണ്ടൂർ സ്വദേശി വിനീഷ് ആന്‍റെ, പാവറട്ടി സ്വദേശി ടാൻസൻ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 64 ഗ്രാം എംഡിഎംഎ എക്സൈസ് സംഘം കണ്ടെടുത്തു. ചാവക്കാട് എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടറും സംഘവുമാണ് മയക്കുമരുന്നുമായി യുവാക്കളെ പിടികൂടിയത്.
ജോലിക്കൊന്നും പോവാതെ ആർഭാട ജീവതം നയിച്ച് വന്നിരുന്ന പ്രതികളെ എക്സൈസ് വിഭാഗത്തിന്റെ രഹസ്യ നിരീക്ഷണത്തിലൂടെയാണ് പിടികൂടിയത്. ഏറെ നാളായി ഇരുവരെയും എക്സൈസ് നിരീക്ഷിച്ച് വരികയായിരുന്നു. ബെംഗ്ലൂരിലെ ആഫ്രിക്കൻ വംശജരിൽ നിന്നുമാണ് ഇവർ എംഡിഎംഎ വാങ്ങിയിരുന്നത്. ചെറിയ തുകയ്ക്ക് വാങ്ങുന്ന മയക്കുമരുന്ന് പ്രതികൾ മൂന്നിരട്ടി വില വാങ്ങിയാണ് മറിച്ച് വിറ്റിരുന്നതെന്ന് എക്സൈസ് അന്വേഷണത്തിൽ കണ്ടെത്തി.
ഡ്രോപ്പ് ഔട്ട് എന്ന പുതിയ രീതിയാണ് മയക്കുമരുന്ന് മൊത്ത കച്ചവടക്കാർ സമീപകാലത്തായി സ്വീകരിച്ച് വരുന്നതെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. യുവാക്കൾക്ക് ബെംഗളൂരുവിൽ നിന്നും മയക്ക് മരുന്ന് നൽകിയവരെക്കുറിച്ചും കേരളത്തിലെ ഇടപാടുകാരെക്കുറിച്ചും വിശദമായ അന്വേഷണം നടത്തും. പ്രതികളെ ചോദ്യം ചെയ്ത ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Post Your Comments