കരുനാഗപ്പള്ളി: കാണിക്കവഞ്ചി മോഷ്ടിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ പൊലീസ് പിടിയിൽ. പാവുമ്പ മൂർത്തി വേല കോളനി ഉദയൻ(46), തൊടിയൂർ വയലിൽവീട്ടിൽ അബ്ദുൽ റഹീം (36) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. ഇവർ വള്ളിക്കാവ് ആദിനാട് ശ്രീനാരായണ ക്ഷേത്രസമിതിയുടെ മതിൽക്കെട്ടിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്താനുള്ള ശ്രമം പരാജയപ്പെട്ട് മടങ്ങുകയായിരുന്നു. എന്നാൽ സംശയം തോന്നി ക്ഷേത്രസമിതി ഭാരവാഹികൾ അടുത്തദിവസം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണശ്രമം അറിഞ്ഞത്.
Read Also : പെൺകുട്ടിയെ ശല്യം ചെയ്യാൻ ശ്രമം, പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു: പ്രതി അറസ്റ്റിൽ
തുടർന്ന്, ക്ഷേത്രസമിതി വൈസ് പ്രസിഡന്റ് സുശീലൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കരുനാഗപ്പള്ളി ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ ഷിഹാസ്, എ.എസ്.ഐ സജീന, സി.പി.ഒ നൗഫൽ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി.
Post Your Comments