കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ നവീകരണത്തിന് തുടക്കമായി. ടെന്‍ഡറായ പദ്ധതിക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമനിര്‍മാണാനുമതി ലഭിച്ചു. 46 ഏക്കർ സ്ഥലത്താണ് 445.95 കോടി രൂപ ചെലവിൽ സ്റ്റേഷൻ അന്താരാഷ്ട്രനിലവാരത്തിൽ നവീകരിക്കുന്നത്. ജനുവരി ആദ്യവാരം പണി പൂർണതോതിൽ പുരോഗമിക്കും.
മുംബൈ അന്ധേരി ഗൊരേഗാവ് നിന്നുള്ള നിർമാണക്കമ്പനിയായ വൈ.എഫ്.സി.യുടെ നേതൃത്വത്തിലുള്ള കൺസോർഷ്യമാണ് നിർമാണക്കരാർ എടുത്തിരിക്കുന്നത്. സേലം ആസ്ഥാനമായുള്ള റാങ്ക് പ്രോജക്ട്സ് ആൻഡ് പ്രൈവറ്റ് ലിമിറ്റഡാണ് കെട്ടിടനിർമാണത്തിന് വൈ.എഫ്.സി.യുമായി സഹകരിക്കുന്നത്. മൂന്നുവർഷമാണ് നിർമാണക്കാലാവധി.
സ്റ്റേഷൻനിർമാണത്തിനായി നാലിടത്ത് പൈലിങ്ങിനുമുന്നോടിയായുള്ള മണ്ണുപരിശോധന തുടങ്ങി. റാങ്ക് പ്രോജക്ട്സ് എ.ജി.എം രമേഷ് ബാബുവിന്റെ നേതൃത്വത്തിലാണ് പ്രവൃത്തികൾ നടക്കുന്നത്. രണ്ടാം പ്ലാറ്റ്ഫോമിലും പ്രവേശനകവാടത്തിനു സമീപവും റെയിൽവേ കോളനിയിലും മറ്റുമാണ് ഇപ്പോൾ പ്രവൃത്തികൾ നടക്കുന്നത്. കോളനിയിലെ പഴയകെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ തുടങ്ങി. ഈ ഭാഗത്ത് വിപുലമായ പാർക്കിങ് സൗകര്യമൊരുങ്ങും. നിർമാണോപകരണങ്ങളും സാമഗ്രികളും ഇവിടെ സൂക്ഷിക്കും. സ്റ്റേഷനിലെ ഓഫീസുകളും മാറ്റിത്തുടങ്ങി.
Post Your Comments