നമ്മുടെ അടുക്കളയിലുള്ള പ്രധാനപ്പെട്ടൊരു ചേരുവകയാണ് പെരുംജീരകം. മിക്ക വിഭവങ്ങളിലും നാം പെരുംജീരകം ചേർക്കാറുണ്ട്. പെരുംജീരകമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശീലമാക്കാവുന്നതാണ്. ധാരാളം ആരോഗ്യഗുണങ്ങളാണ് പെരുംജീരകം നൽകുന്നത്.
വിറ്റാമിൻ സി, വിറ്റാമിൻ എ, ഫൈബർ, പൊട്ടാസ്യം, മാംഗനീസ്, സിങ്ക്, ഇരുമ്പ്, കാൽസ്യം തുടങ്ങിയ അവശ്യ വിറ്റാമിനുകൾ, പോഷകങ്ങൾ, ധാതുക്കൾ എന്നിവയുടെ ഒരു കലവറ തന്നെയാണ് പെരുംജീരകം. ദഹനത്തിനും മൊത്തത്തിലുള്ള കുടലിന്റെ ആരോഗ്യത്തിനും പെരുംജീരക വെള്ളം വളരെയധികം സഹായിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന ലയിക്കുന്ന നാരുകൾ മലബന്ധം, വയറിളക്കം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സഹായിക്കുന്നു.
പെരുംജീരകം പൊട്ടാസ്യത്തിന്റെ ഉറവിടമാണ്. ഇത് ആസിഡ് സന്തുലിതാവസ്ഥ സ്വാഭാവികമായി നിയന്ത്രിക്കാനും ഹൃദയമിടിപ്പ് നിയന്ത്രിക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്ന ഒരു പോഷകമാണ്.
പെരുംജീരകം ദഹനരസങ്ങളുടെയും എൻസൈമുകളുടെയും സ്രവത്തെ ഉത്തേജിപ്പിക്കുന്നു. പെരുംജീരക വിത്തുകളുടെ ശക്തമായ ആന്റി സ്പാസ്മോഡിക്, കാർമിനേറ്റീവ് സവിശേഷതകൾ വായുകോപം, നെഞ്ചെരിച്ചിൽ, വയർ വീക്കം, ഐ.ബി.എസ്, ജി.ഇ.ആർ.ഡി തുടങ്ങിയ അവസ്ഥകളെ ചികിത്സിക്കാൻ സഹായിക്കുന്നു. പെരുംജീരകത്തിൽ അടങ്ങിയിരിക്കുന്ന നാരുകളുടെ ഉയർന്ന ഉള്ളടക്കം മലവിസർജ്ജനം നിയന്ത്രിക്കാൻ സഹായിക്കുന്നു.
Post Your Comments