Latest NewsIndiaNews

‘ചലിക്കുന്ന ജഡമാണ്, മരിക്കാന്‍ അനുവദിക്കണം’; ലൈംഗികാതിക്രമത്തിന് ഇരയായ വനിതാ ജഡ്ജിയുടെ തുറന്ന കത്ത്, റിപ്പോർട്ട് തേടി

ന്യൂഡല്‍ഹി: ലൈംഗികാതിക്രമ പരാതിയില്‍ നടപടിയില്ലെങ്കില്‍ മരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശില്‍ നിന്നുള്ള വനിതാ ജഡ്ജിയുടെ തുറന്ന കത്ത്. കത്തിനെ തുടർന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് സംഭവത്തിൽ റിപ്പോര്‍ട്ട് തേടി. ‘ദയവുചെയ്ത് എന്റെ ജീവിതം മാന്യമായ രീതിയില്‍ അവസാനിപ്പിക്കാന്‍ അനുവദിക്കൂ’ എന്നാണ് ബാന്ദ്രയില്‍ നിന്നു ജഡ്ജി ചീഫ് ജസ്റ്റിസിന് അയച്ച കത്തില്‍ ആവശ്യപ്പെടുന്നത്. ജില്ലാ ജഡ്ജിയും അദ്ദേഹത്തിന്റെ അസോസിയേറ്റുകളും തന്നെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് ഇവരുടെ ആരോപണം.

‘മുന്നോട്ട് ജീവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ ഒന്നര വര്‍ഷമായി ഞാനൊരു ചലിക്കുന്ന ജഡമായി മാറി. നിര്‍ജീവമായ ഈ ശരീരം ഇനി ചുമക്കുന്നതില്‍ കാര്യമില്ല. എന്റെ ജീവിതത്തില്‍ ഒരു ലക്ഷ്യവും അവശേഷിക്കുന്നില്ല.’ വനിതാ ജഡ്ജി കത്തില്‍ പറയുന്നു. ഒരു മാലിന്യം പോലെയാണ് തന്നെ പരിഗണിച്ചതെന്നും അനാവശ്യമായ പ്രാണിയെ പോലെയാണ് തോന്നുന്നതെന്നും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഢിന്റെ നിര്‍ദേശപ്രകാരം സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സുപ്രീംകോടതി സെക്രട്ടറി ജനറല്‍ അതുല്‍ എം കുര്‍ഹേക്കര്‍ അലഹബാദ് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് കത്തെഴുതി. 2023 ജൂലൈയില്‍ ഹൈക്കോടതിയുടെ ആഭ്യന്തര പരാതി സമിതിക്ക് വനിതാ ജഡ്ജി പരാതി നല്‍കുകയും ആരോപണങ്ങളില്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അന്വേഷണം പ്രഹസനവും വ്യാജവുമാണെന്നും വനിതാ ജഡ്ജി കത്തില്‍ പറയുന്നുണ്ട്. ആരോപണവിധേയനായ ജഡ്ജിന്റെ കീഴിലുള്ള ഉദ്യോഗസ്ഥരാണ് കേസിലെ സാക്ഷികള്‍. അവര്‍ തങ്ങളുടെ ബോസിനെതിരെ മൊഴി നല്‍കുമെന്ന് അന്വേഷണ കമ്മിറ്റി പ്രതീക്ഷിച്ചുവെന്നത് തന്റെ മനസ്സിലാക്കാന്‍ കഴിയാത്ത കാര്യമാണെന്നും കത്തില്‍ സൂചിപ്പിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button