ഡൽഹി: വനിതാ ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള ആർത്തവ അവധി എന്ന ആശയത്തിനെതിരെ വിമർശനവുമായി കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി. ആർത്തവം ജീവിതത്തിന്റെ സ്വാഭാവിക ഭാഗമാണെന്നും പ്രത്യേക അവധി വ്യവസ്ഥകൾ നൽകി ഒരു വൈകല്യമായി കണക്കാക്കരുതെന്നും ഇറാനി പറഞ്ഞു. രാജ്യസഭയിൽ എംപി മനോജ് കുമാർ ഝായുടെ ചോദ്യത്തിന് മറുപടിയായാണ് സ്‌മൃതി ഇക്കാര്യം വ്യക്തമാക്കിയത്.
‘ആർത്തവമുള്ള ഒരു സ്ത്രീയെന്ന നിലയിൽ, ആർത്തവവും ആർത്തവചക്രവും ഒരു വൈകല്യമല്ല, അത് സ്ത്രീകളുടെ ജീവിതത്തിന്റെ സ്വാഭാവിക ഭാഗമാണ്. ആർത്തവമില്ലാത്ത ഒരാൾക്ക് ആർത്തവത്തെക്കുറിച്ച് പ്രത്യേക കാഴ്ചപ്പാട് ഉണ്ട്. സ്ത്രീകൾക്ക് തുല്യ അവസരങ്ങൾ നിഷേധിക്കപ്പെടുന്ന ഇത്തരം പ്രശ്‌നങ്ങൾ നിർദ്ദേശിക്കരുത്. ആർത്തവ അവധി തൊഴിലിൽ സ്ത്രീകളോടുള്ള വിവേചനത്തിന് കാരണമാകും,’ സമൃതി ഇറാനി വ്യക്തമാക്കി.
ആർത്തവ ശുചിത്വത്തിന്റെ പ്രാധാന്യം അംഗീകരിച്ചുകൊണ്ട്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം കരട് ദേശീയ നയത്തിന് രൂപം നൽകിയതായി സ്‌മൃതി ഇറാനി പറഞ്ഞു.10 മുതൽ 19 വയസ്സുവരെയുള്ള കൗമാരക്കാരായ പെൺകുട്ടികളെ ലക്ഷ്യമിട്ട് നാഷണൽ ഹെൽത്ത് മിഷന്റെ പിന്തുണയോടെ, വിവിധ വിദ്യാഭ്യാസ, ബോധവൽക്കരണ പരിപാടികളിലൂടെ ആർത്തവ ശുചിത്വത്തെക്കുറിച്ചുള്ള അറിവ് വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ‘പ്രമോഷൻ ഓഫ് മെൻസ്ട്രൽ ഹൈജീൻ മാനേജ്‌മെന്റ്’ എന്ന പദ്ധതിയെക്കുറിച്ചും മന്ത്രി വ്യക്തമാക്കി.
Post Your Comments