കോട്ടയം: കേന്ദ്രസർക്കാർ അനുമതി നൽകിയാൽ കെ റെയിലുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ പണലഭ്യത പ്രശ്‌നമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോട്ടയം ജില്ലയിലെ നവകേരള സദസിന്റെ ആദ്യ പ്രഭാത യോഗത്തിൽ ജസ്റ്റിസ് കെടി തോമസ് ആണ് കെ റെയിലിന്റെ വിഷയം ഉന്നയിച്ചത്. എതിർപ്പുകൾ ഉണ്ടായാലും കെറെയിൽ പദ്ധതി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്രസർക്കാർ അനുമതി നൽകിയാൽ കെ റെയിലുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് ജസ്റ്റിസ് കെടി തോമസിന് മറുപടി നൽകിയ മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തിൽ പണലഭ്യത പ്രശ്‌നമല്ലെന്നും സംസ്ഥാന സർക്കാർ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തിൽ രാഷ്ട്രീയം വന്നതോടെയാണ് പദ്ധതി നടപ്പാക്കുന്നതിൽ പ്രശ്‌നങ്ങൾ ഉണ്ടായത്. കെ റെയിൽ നമ്മൾ മാത്രം വിചാരിച്ചാൽ നടപ്പാക്കാൻ സാധിക്കുന്നതല്ല. കേന്ദ്ര അനുമതി ഇല്ലാതെ പദ്ധതി നടപ്പാക്കാൻ പറ്റില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
‘സാധാരണ നിലയിൽ കേന്ദ്രസർക്കാർ അനുമതി നൽകേണ്ടതാണ്. ചില സങ്കുചിത മനസുകൾ അനുവദിച്ചില്ല. കെ റെയിൽ നടപ്പാക്കുന്നതു സംബന്ധിച്ചു ദക്ഷിണ റെയിൽവേയോട് പരിശോധിക്കാൻ പറഞ്ഞതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഇതിനെയും എതിർക്കുന്നതാണ് കണ്ടത്,’ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
Post Your Comments