തിരുവനന്തപുരം: കേരളത്തിലെ 21 റെയിൽവേ സ്റ്റേഷനുകൾക്ക് എഫ്എസ്എസ്എഐയുടെ ഈറ്റ് റൈറ്റ് സ്റ്റേഷൻ അംഗീകാരം ലഭിച്ചു. യാത്രക്കാർക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതിനായി ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) നേതൃത്വത്തിലുള്ള ഈറ്റ് റൈറ്റ് ഇന്ത്യാ മൂവ്‌മെന്റിന് കീഴിലുള്ള സംരംഭങ്ങളിലൊന്നായ ഈറ്റ് റൈറ്റ് റെയിൽവേ സ്റ്റേഷൻ പദ്ധതിയിലാണ് കേരളത്തിലെ 21 സ്റ്റേഷനുകൾക്ക് അംഗീകാരം ലഭിച്ചത്. രാജ്യത്ത് 114 റയിൽവേ സ്റ്റേഷനുകൾക്കാണ് ഈറ്റ് റൈറ്റ് സ്റ്റേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചത്. അവയിൽ ഏറ്റവും കൂടുതൽ അംഗീകാരം ലഭിച്ചത് കേരളത്തിനാണ്.
കേരളം ഭക്ഷ്യസുരക്ഷാ രംഗത്ത് നടത്തുന്ന മികച്ച പ്രവർത്തനങ്ങൾക്കുള്ള മറ്റൊരു അംഗീകാരം കൂടിയാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഭക്ഷ്യ സുരക്ഷാ സൂചികയിൽ അടുത്തിടെ കേരളം ദേശീയ തലത്തിൽ ആദ്യമായി ഒന്നാം സ്ഥാനം നേടിയിരുന്നു. മുൻ വർഷത്തെ വരുമാനത്തെക്കാൾ 193 ശതമാനം അധിക വരുമാനം നേടി 2022-23 കാലയളവിൽ റെക്കോർഡിട്ടു. എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുകളുള്ള ആദ്യ സംസ്ഥാനമായി. ‘നല്ല ഭക്ഷണം നാടിന്റെ അവകാശം കാമ്പയിൻ’ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബ്, ഹൈജീൻ റേറ്റിംഗ്, ഈറ്റ് റൈറ്റ് ക്യാമ്പസ്, ക്ലീൻ ഫ്രൂട്ട്‌സ് ആന്റ് വെജിറ്റബിൾ മാർക്കറ്റ്, ഉപയോഗിച്ച എണ്ണ തിരിച്ചെടുക്കുന്ന റൂക്കോ എന്നീ പദ്ധതികൾ നടപ്പിലാക്കി വരുന്നു. ഭക്ഷ്യ സുരക്ഷാ ഗ്രിവൻസ് പോർട്ടലും ഈറ്റ് റൈറ്റ് കേരള മൊബൈൽ ആപ്പും യാഥാർത്ഥ്യമാക്കി. ഇത് കൂടാതെയാണ് ഈറ്റ് റൈറ്റ് റെയിൽവേ സ്റ്റേഷൻ പദ്ധതിയും നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പരപ്പനങ്ങാടി, ചാലക്കുടി, തലശ്ശേരി, കണ്ണൂർ, പാലക്കാട് ജങ്ഷൻ, ചെങ്ങന്നൂർ, ഷൊർണൂർ ജങ്ഷൻ, തിരൂർ, വടകര, ചങ്ങനാശ്ശേരി, ആലപ്പുഴ, വർക്കല, കരുനാഗപ്പള്ളി, അങ്കമാലി, ആലുവ, തിരുവല്ല, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, കൊല്ലം എന്നീ റെയിൽവേ സ്റ്റേഷനുകൾക്കാണ് ഈറ്റ് റൈറ്റ് സ്റ്റേഷൻ അംഗീകാരം ലഭിച്ചത്.
റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിലെ റീട്ടെയിൽ ഔട്ട്ലെറ്റ്(സ്റ്റാറ്റിക്), റീട്ടെയിൽ കം കാറ്ററിംഗ് സ്ഥാപനം (സ്റ്റാറ്റിക്), ഫുഡ് പ്ലാസ/ ഫുഡ് കോർട്ടുകൾ/ റെസ്റ്റോറന്റുകൾ (സ്റ്റാറ്റിക്), പെറ്റി ഫുഡ് വെണ്ടർമാർ/ സ്റ്റാളുകൾ/ കിയോസ്‌കുകൾ (സ്റ്റാറ്റിക്/ മൊബൈൽ), കൂടാതെ സ്റ്റേഷൻ യാർഡിലെ വെയർഹൗസ്, ബേസ് കിച്ചൺ തുടങ്ങിയവയെല്ലാം ഈ പദ്ധതിയുടെ കീഴിൽ വരുന്നവയാണ്. ഇവിടെയെല്ലാം ഭക്ഷ്യ സുരക്ഷാ ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നും യാത്രക്കാർക്ക് ഭക്ഷണം നൽകുമ്പോഴും സുരക്ഷാ മാനദണ്ഡം പാലിക്കുന്നുണ്ടെന്നും എഫ്.എസ്.എസ്.എ.ഐ. ഉറപ്പ് വരുത്തിയ ശേഷമാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. ഈ പദ്ധതി പ്രകാരം സർട്ടിഫൈ ചെയ്യണമെങ്കിൽ സ്റ്റേഷൻ കോംപ്ലക്‌സിലെ മുഴുവൻ ഭക്ഷ്യ സംരംഭകരും എഫ്എസ്എസ്എഐ റജിസ്‌ട്രേഷൻ/ ലൈസൻസ് നിർബന്ധമായും കരസ്ഥമാക്കിയിട്ടുണ്ടാവണം. കുടാതെ സ്റ്റേഷനിലെ സ്ഥാപനങ്ങളിൽ ഭക്ഷണം കൈകാര്യം ചെയ്യുന്നവർ എഫ്എസ്എസ്എഐയുടെ ഫോസ്റ്റാക് പരിശീലനം ലഭിച്ച സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ടാവണം.
Post Your Comments