നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കെഎസ് യു പ്രവർത്തകർക്കെതിരെ നരഹത്യ കുറ്റമടക്കം ചുമത്തി എഫ്ഐആർ, അറസ്റ്റ് ഇന്ന്

കൊച്ചി: നവകേരള സദസ് ബസ്സിന് നേരെ ഷൂ എറിഞ്ഞ കെഎസ് യു പ്രവർത്തകർക്കെതിരെ കേസ്. ചുമത്തിയത് ​ഗുരുതര വകുപ്പുകൾ. മനപൂർവമായ നരഹത്യാക്കുറ്റമടക്കം ഐപിസി 283, 353, 34 വകുപ്പുകൾ കെഎസ് യു പ്രവർത്തകർക്കെതിരെ ചുമത്തി. ഷൂ എറിഞ്ഞ കെഎസ്‌യു പ്രവർത്തകരുടെ അറസ്റ്റ് ഇന്ന് ഉണ്ടാകും. കുറുപ്പുംപടി പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മരണം വരെ സംഭവിക്കാവുന്ന കുറ്റമാണ് ചെയ്തതെന്ന് എഫ്ഐആറിൽ പറയുന്നു.

ഏറിലേക്കൊക്കെ പോയാൽ അതിന്റേതായ നടപടികളിലേക്ക് കടക്കുമെന്ന് ഞായറാഴ്ച നവകേരള സദസ്സിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ചിലർ കരിങ്കൊടി കാണിക്കുന്നു, എന്താണീ കോപ്രായമെന്ന രീതിയിൽ നാട്ടുകാർ അവരെ അവഗണിച്ചു. ഇന്ന് ബസിന് നേരെ ചെരിപ്പേറുണ്ടായി. എന്താണിവരുടെ പ്രശ്നമെന്നാണ് മനസിലാകാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഷൂ എറിഞ്ഞ പ്രവർത്തകർക്കെതിരെ പൊലീസ് ലാത്തി വീശിയിരുന്നു. തുടർന്ന് പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. അതേസമയം, പ്രതിഷേധ​ങ്ങൾക്കിടെയിൽ നവകേരള സദസ് പര്യടനം തുടരുന്നു. ഇടുക്കിയിലെ മൂന്നു മണ്ഡലങ്ങളിലാണ് ഇന്ന് പര്യടനം നടത്തുക.

 

 

Share
Leave a Comment