കോഴിക്കോട് : കോഴിക്കോട് കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്നതിനായി ഒറീസയിൽ നിന്നും എത്തിച്ച 16 കിലോഗ്രാം കഞ്ചാവുമായി മൂന്ന് ഒറീസ സ്വദേശികൾ അറസ്റ്റിലായി. ഒറീസ നയാഘർ സ്വദേശികളായ ആനന്ദ് കുമാർ സാഹു (36), ബസന്ത് കുമാർ സാഹു (40),കൃഷ്ണ ചന്ദ്രബാരിക്ക് (50) എന്നിവരെയാണ് കസബ പൊലീസും ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്കോഡും ചേർന്ന് പിടികൂടിയത്.
നാട്ടിലുള്ള ചെറുകിട കച്ചവടക്കാർക്ക് വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് ഇത്രയും അളവിൽ കഞ്ചാവ് എത്തിച്ചത്. മാങ്കാവ് തലക്കുളങ്ങര യുപി സ്കൂളിന്റെ അടുത്തുള്ള വാടകവീട്ടിലാണ് പ്രതികൾ താമസിച്ചിരുന്നത്. അവധിക്ക് നാട്ടിൽ പോയി തിരിച്ചു വരുമ്പോൾ ട്രെയിൻ മാർഗ്ഗം കഞ്ചാവ് കോഴിക്കോട് എത്തിക്കുകയാണ് പതിവ്.
സംശയകരമായ സാഹചര്യത്തിൽ കണ്ടതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് ഇവരെ മാങ്കാവ് തടഞ്ഞ് വെച്ച് ചോദിച്ചപ്പോൾ ആണ് കഞ്ചാവാണ് ബാഗിൽ എന്ന് മനസ്സിലായത്. വിപണിയിൽ ഏതാണ്ട് പത്തുലക്ഷത്തിന്റെ മുകളിൽ വില വരുന്ന 16 കിലോഗ്രാം കഞ്ചാവ് പ്രതികളിൽ നിന്നും കണ്ടെടുത്തു.
കസബ ഇൻസ്പെക്ടർ കൈലാസ് നാഥ്, എസ്ഐ ജഗ്മോഹൻ ദത്തൻ, രാംദാസ് ഒ.കെ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സജേഷ് കുമാർ പി, രാജീവ് കുമാർ പാലത്ത്, ഹോം ഗാർഡ് സുരേഷ് എന്നിവരും ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡിലെ ഷാലു. എം, സുജിത്ത് സി.കെ. എന്നിവരും ആന്റി നാർക്കോട്ടിക്ക് ഷാഡോ വിങ്ങിലെ അംഗങ്ങളായ സരുൺകുമാർ, ശ്രീശാന്ത്, ഷിനോജ്, ഇബിനു ഫൈസൽ, അഭിജിത്ത്, മിഥുൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Post Your Comments