കൊച്ചി : സിറോ മലബാര്‍ സഭ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തില്‍ പുതിയ സഭാധ്യക്ഷനെ ജനുവരിയിലെ സിനഡില്‍ തിരുമാനിക്കും. ജനുവരി 8 മുതല്‍ 13 വരെ സിനഡ് ചേര്‍ന്നാകും പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുക. തിരഞ്ഞെടുക്കപ്പെടുന്ന മേജര്‍ ആര്‍ച്ച് ബിഷപ്പിനെ മാര്‍പ്പാപ്പ അംഗീകരിക്കണം. അംഗീകാരം കിട്ടിയാല്‍ ഉടന്‍ പ്രഖ്യാപനവും സ്ഥാനാരോഹണവും ഉണ്ടാകും. സഭാ നേതൃത്വം സര്‍ക്കുലറിലൂടെയാണ് ഇക്കാര്യം വിശ്വാസികളെ അറിയിച്ചത്. സിറോ മലബാര്‍ സഭയുടെ പള്ളികളില്‍ ഇന്ന് സര്‍ക്കുലര്‍ വായിച്ചു. കര്‍ദ്ദിനാള്‍ ആലഞ്ചേരി സ്ഥാനമൊഴിഞ്ഞതോടെ ബിഷപ്പ് സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിനാണ് നിലവില്‍ ചുമതല.
സിറോ മലബാര്‍ സഭയുടെ അധ്യക്ഷ പദവിയില്‍ നിന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി കഴിഞ്ഞ ദിവസമാണ് സ്ഥാനമൊഴിഞ്ഞത്. സഭാ ഭൂമി വിവാദത്തിലും കുര്‍ബാന തര്‍ക്കത്തിലും ഏറെ പഴികേട്ട കര്‍ദ്ദിനാള്‍ ഒടുവില്‍ വത്തിക്കാന്റെ കൂടി ഇടപെടലിലാണ് ചുമതലകളില്‍ നിന്ന് ഒഴിയുന്നത്. മുമ്പ് രണ്ട് തവണ രാജിസന്നദ്ധത അറിയിച്ചെങ്കിലും സിനഡും മാര്‍പ്പാപ്പയും ഇത് തളളിയിരുന്നു. സിറോ മലബാര്‍ സഭയിലെ ആഭ്യന്തര കലഹം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കര്‍ദിനാളിന്റെ രാജി മാര്‍പ്പാപ്പ സ്വകരിച്ചത്.
Post Your Comments