ഇന്ത്യക്കാർക്ക് അടുത്തിടെയായി വിസ രഹിത പ്രവേശനം അനുവദിക്കുന്ന രാജ്യങ്ങളുടെ എണ്ണം വലിയ തോതിൽ ഉയർന്നിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യക്കാർക്ക് വിസ രഹിത സേവനങ്ങൾ നൽകുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് പുതുതായി ഇടം നേടിയിരിക്കുകയാണ് തെക്ക്-കിഴക്കൻ ഏഷ്യൻ ദ്വീപ് രാഷ്ട്രമായ ഇന്തോനേഷ്യ. ഇന്ത്യയും ചൈനയും അടക്കം ഏകദേശം ഇരുപതോളം രാജ്യങ്ങളിലെ പൗരന്മാർക്കാണ് ഇന്തോനേഷ്യ വിസ രഹിത പ്രവേശനം അനുവദിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഉടൻ അറിയിക്കുമെന്ന് ഇന്തോനേഷ്യൻ ടൂറിസം മന്ത്രി സാന്റിയാഗ ഉനോ വ്യക്തമാക്കി. രാജ്യത്തേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് വിസ ഇല്ലാത്ത പ്രവേശനം അനുവദിക്കുന്നത്.
ഇന്ത്യയ്ക്ക് പുറമേ, ചൈന, അമേരിക്ക, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ, ജർമ്മനി, ബ്രിട്ടൻ, ഫാൻസ് തുടങ്ങിയ രാജ്യങ്ങളാണ് ഇന്തോനേഷ്യയുടെ പരിഗണനയിലുള്ളത്. കോവിഡിന് മുൻപ് 2019-ൽ 1.6 കോടി വിദേശ വിനോദ സഞ്ചാരികളാണ് ഇന്തോനേഷ്യ സന്ദർശിച്ചത്. എന്നാൽ, ഈ വർഷം ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ എത്തിയത് 94.9 ലക്ഷം പേരാണ്. കോവിഡിന് മുൻപുള്ള നിലയിലേക്ക് വിനോദ സഞ്ചാര മേഖലയെ ഉയർത്താനാണ് ഇന്തോനേഷ്യ ലക്ഷ്യമിടുന്നത്. ഇതിനായി കഴിഞ്ഞ സെപ്റ്റംബറിൽ ഇന്തോനേഷ്യ ഗോൾഡൻ വിസ പദ്ധതിയും ആവിഷ്കരിച്ചിരുന്നു. നിലവിൽ, ശ്രീലങ്ക, തായ്‌ലൻഡ്, വിയറ്റ്നാം, മലേഷ്യ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യക്കാർക്ക് വിസ രഹിത പ്രവേശനം ഉറപ്പുവരുത്തുന്നത്.
Post Your Comments