ഉയർന്ന അപകടസാധ്യതയുള്ള അന്തരീക്ഷത്തിൽ പോലും അനായാസം പ്രവർത്തിക്കാൻ കഴിയുന്ന തേജസ് ജെറ്റ് വിമാനങ്ങൾ വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ച് വിവിധ രാജ്യങ്ങൾ. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത തേജസ് വിമാനങ്ങൾ പ്രതിരോധ മേഖലയ്ക്ക് ഏറെ കരുത്ത് പകരുന്നതാണ്. നിലവിൽ, നൈജീരിയ, ഫിലിപ്പീൻസ്, അർജന്റീന, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളാണ് ജെറ്റ് വിമാനങ്ങൾ വാങ്ങാൻ ഇന്ത്യയെ സമീപിച്ചിരിക്കുന്നത്. ചൈനയുടെ ജെഎഫ്-17 ജെറ്റ്, ദക്ഷിണ കൊറിയയുടെ എഫ്എ-50, റഷ്യയുടെ മിഗ്-35, യാക്ക്-130 എന്നിവയിൽ നിന്നുള്ള കടുത്ത മത്സരത്തിനിടയിലാണ് തേജസിന്റെ നേട്ടം.
വ്യോമ പ്രതിരോധം, സമുദ്ര നിരീക്ഷണം, ആക്രമണം എന്നിവയ്ക്ക് ഉതകുന്ന രീതിയിലാണ് വിമാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചൈനയുടെ ജെഎഫ്-17 കോംബാറ്റ് എയർക്രാഫ്റ്റിനെ അപേക്ഷിച്ച് തേജസ് മാർക്ക് 1എ ജെറ്റിന് മികച്ച എഞ്ചിൻ, റഡാർ സംവിധാനം, ഇലക്ട്രോണിക് വാർഫെയർ സ്യൂട്ട് എന്നിവയുണ്ട്. വിഷ്വൽ റേഞ്ച് മിസൈൽ, എയർ-ടു-എയർ ഇന്ധനം നിറയ്ക്കുന്ന സംവിധാനം എന്നിവ തേജസ് എംകെ-1എയിൽ സജ്ജീകരിച്ചിട്ടുണ്ട്. രാജ്യത്ത് ആഭ്യന്തര പ്രതിരോധ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി നടപടികളാണ് കേന്ദ്രം ആവിഷ്ക്കരിക്കുന്നത്. 2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി എക്കാലത്തെയും ഉയർന്ന നിരക്കായ 15,920 കോടി രൂപയിലെത്തിയിരുന്നു.
Post Your Comments