ഉപ്പുതറ: വധശ്രമക്കേസിലെ പ്രതിയുടെ ബന്ധുക്കളിൽ നിന്ന് കൈക്കൂലി വാങ്ങി കേസിൽ എസ്ഐയെ സസ്പെൻഡ് ചെയ്തു. സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ചുമതല വഹിച്ചിരുന്ന ഉപ്പുതറ എസ്ഐ കെഐ നസീറിനെയാണ് എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ സസ്പെൻഡ് ചെയ്തത്. 10,000 രൂപയാണ് എസ്ഐ കൈക്കൂലി വാങ്ങിയത്.
നവംബർ 13നാണ് മേരികുളം ടൗണിന് സമീപം മദ്യപാനം ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ രണ്ട് പേര്‍ക്ക് വെട്ടേറ്റത്. വധശ്രമത്തിനും മറ്റും പ്രതിക്കെതിരെ പൊലീസ് കേസെടുത്തു.
അനുകൂലമായ റിപ്പോർട്ട് നൽകണമെന്ന ആവശ്യവുമായി പ്രതിയുടെ ബന്ധുക്കൾ എസ്ഐയെ സമീപിച്ചു. താമസസ്ഥലത്തെത്താൻ നിർദേശിച്ചതിനെ തുടർന്ന്, അവിടെയെത്തിയപ്പോഴാണ് 10,000 രൂപ വാങ്ങിയത്.
കൈക്കൂലി നൽകിയ വിവരം പ്രതിയുടെ ബന്ധുക്കളിൽ നിന്ന് ചോർന്നു. വിവരം നാട്ടിൽ പരസ്യമായതോടെ രഹസ്യാന്വേഷണ വിഭാഗം, ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി. തുടർന്ന് ജില്ലാ പോലീസ് മേധാവി കട്ടപ്പന ഡിവൈഎസ്പിയോട് റിപ്പോർട്ട് തേടി. ഡിവൈഎസ്പിയുടെ അന്വേഷണത്തിൽ, എസ്ഐ കൈക്കൂലി വാങ്ങിയതായി കണ്ടെത്തുകയായിരുന്നു.
Post Your Comments