Latest NewsKeralaNews

ഡോ. ഷഹനയുടെ ആത്മഹത്യ: വനിതാശിശു വികസന വകുപ്പ് റിപ്പോർട്ട്‌ ഇന്ന്; റിപ്പോർട്ട്‌ ലഭിച്ച ശേഷം നടപടിയെന്ന് വീണാ ജോർജ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷഹനയുടെ ആത്മഹത്യയിൽ വനിതാ ശിശു വികസന വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്‌ ഇന്ന് ലഭിക്കുമെന്ന് മന്ത്രി വീണ ജോർജ്. റിപ്പോർട്ട്‌ ലഭിച്ച ശേഷം ശക്തമായ നടപടി എടുക്കുമെന്നും മന്ത്രി വീണ ജോർജ് അ‌റിയിച്ചു. സ്ത്രീധനം ഒരിക്കലും പ്രോത്സാഹിപ്പിക്കാനാകില്ല. സർക്കാർ ഗൗരവത്തോടെയാണ്‌ വിഷയം കാണുന്നതെന്നും മന്ത്രി അ‌റിയിച്ചു.

അ‌തേസമയം, സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഷഹനയുടെ ആൺസുഹൃത്ത് ഡോ. റുവൈസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്നാണ് ഡോ. റുവൈസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തത്. റുവൈസിനെ തിരുവനന്തപുരത്ത് എത്തിച്ച് പൊലീസ് ചോദ്യം ചെയ്തുവരുകയാണ്.

ഇന്നലെയാണ് റുവൈസിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തത്. സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ആത്മഹത്യാ പ്രേരണ കുറ്റവും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ഡോ. ഷഹനയെ വിവാഹം കഴിക്കാമെന്ന് റുവൈസ് വാഗ്ദാനം ചെയ്തിരുന്നു. ഉയർന്ന സ്ത്രീധനം കിട്ടില്ലെന്ന്
വന്നതോടെ വിവാഹത്തിൽ നിന്ന് ഡോ. റുവൈസ് പിന്മാറിയെന്നും ഇതാണ് ഷഹന ആത്മഹത്യ ചെയ്യാന്‍ കാരണമെന്നും ആണ് ബന്ധുക്കളുടെ ആരോപണം.

150 പവനും 15 ഏക്കര്‍ ഭൂമിയും ബിഎംഡബ്ല്യൂ കാറുമായിരുന്നു ആവശ്യം. തിരുവനന്തപുരം മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗത്തിലെ പിജി വിദ്യാര്‍ഥിനിയും വെഞ്ഞാറമൂട് സ്വദേശിനിയുമാണ് ഷഹന. രാത്രി ഡ്യൂട്ടിക്ക് കയറേണ്ടിയിരുന്ന ഷഹന എത്താതിരുന്നതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം നടത്തിയ പരിശോധനയിലാണു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button