മണ്ണന്തല: ക്ഷേത്രത്തിലെ കാണിക്കവഞ്ചിയും വീടിന്റെ പോര്‍ച്ചില്‍ നിന്ന് ബൈക്കും കവര്‍ന്ന നാലംഗസംഘം മണ്ണന്തല പൊലീസിന്റെ പിടിയിൽ. നാലാഞ്ചിറ ചെഞ്ചേരി ലക്ഷംവീട് കോളനിയില്‍ കിരണ്‍(25), നിഥിന് ബാബു(21), ചെഞ്ചേരി ലക്ഷംവീട് കോളനി ഹൗസ് നമ്പര്‍ 99-ല്‍ ജിഷ്ണു (23), മുക്കോലയ്ക്കല്‍ ശ്രീനഗര്‍ പണ്ടാരവിള വീട്ടില്‍ വൈഷ്ണവ് (22) എന്നിവരാണ് പിടിയിലായത്.
ബുധനാഴ്ച പുലര്‍ച്ചെ 3.30-നാണ് ആദ്യ മോഷണം നടന്നത്. നാലാഞ്ചിറ ഹൗസ് നമ്പര്‍ 54 ഓലിക്കല്‍ വീട്ടില്‍ ജോസ് ജേക്കബിന്റെ വീടിന്റെ പോര്‍ച്ചിലിരുന്ന പാഷന് പ്രോ ബൈക്കാണ് കവര്‍ന്നത്. കാല്‍നടയായി എത്തിയ സംഘം ബൈക്ക് കവര്‍ന്ന് മുക്കോലയ്ക്കല്‍ വഴി ചൂഴമ്പാലയിലേക്കു വരികയായിരുന്നു. ചൂഴമ്പാല ശ്രീ ധര്‍മ്മശാസ്ത ക്ഷേത്രത്തിനു മുന്‍വശത്തെ കാണിക്കവഞ്ചി തകര്‍ത്തശേഷം 2,000 രൂപ കവര്‍ന്നു.
Read Also : വേദനസംഹാരി മെഫ്താലിനെതിരെ മുന്നറിയിപ്പുമായി കേന്ദ്രം, ശരീരത്തില്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു
ബൈക്കില്‍ രക്ഷപ്പെട്ട സംഘം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനു സമീപത്ത് എത്തിയശേഷം ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. സി.സി ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കിരണ്‍, നിഥിന് ബാബു എന്നിവരാണ് ആദ്യം പിടിയിലായത്. ഇവരില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് ലക്ഷംവീട് കോളനിയിലെത്തിയപ്പോള്‍ ജിഷ്ണുവും വൈഷ്ണവും എസ്.ഐ സമ്പത്തിനെയും സംഘത്തെയും ആക്രമിച്ചു. എസ്.ഐയുടെ യൂണിഫോം വലിച്ചു കീറി. ആക്രമണത്തില്‍ മൂന്നു പൊലീസുകാർക്കും പരിക്കേറ്റു.
പ്രതികള്‍ക്കെതിരെ സ്റ്റേഷന് പരിധിയില്‍ നിരവധി ക്രിമിനൽ കേസുകളുള്ളതായി പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Post Your Comments