മുസ്ലീങ്ങളുടെ ക്ഷേമത്തിനായി അയ്യായിരം കോടി നീക്കിവെയ്ക്കുന്നതിൽ ഒരു തെറ്റുമില്ലെന്ന് കർണാടക മുഖ്യമന്ത്രി എസ്. സിദ്ധരാമയ്യ. മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലീം സമുദായത്തിന്റെ ക്ഷേമത്തിനായി 4,000 മുതൽ 5,000 കോടി രൂപ വരെ നീക്കിവെക്കുമെന്ന് തിങ്കളാഴ്ച ഹുബ്ബള്ളിയിൽ വെച്ചു നടന്ന മുസ്ലിം കൺവെൻഷനിൽ വെച്ച് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.
ഇങ്ങനെ പറയുന്നതിൽ യാതൊരു തെറ്റും താൻ കാണുന്നില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു.കടുത്ത വരൾച്ചയെത്തുടർന്ന്, സംസ്ഥാനത്തെ കർഷകർ നഷ്ടപരിഹാരം കാത്ത് നിൽക്കുമ്പോൾ, മുസ്ലീങ്ങളെ പ്രീണിപ്പിക്കാനുള്ള തിരക്കിലാണ് സിദ്ധരാമയ്യ എന്ന ബിജെപിയുടെ വിമർശനത്തോടും അദ്ദേഹം പ്രതികരിച്ചു. തന്റെ പ്രസ്താവന പക്ഷപാതപരമായി അവതരിപ്പിച്ച മാധ്യമങ്ങൾക്കും ഇതിൽ പങ്കുണ്ടെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ മുസ്ലീങ്ങളെ സംരക്ഷിക്കുന്നതിനെക്കുറിച്ചുള്ള തന്റെ പ്രസ്താവനയോട് ബി.ജെ.പി എതിർപ്പ് പ്രകടിപ്പിച്ചതിനെക്കുറിച്ചും സിദ്ധരാമയ്യ സംസാരിച്ചു. മുസ്ലീങ്ങൾ ഉൾപ്പെടെ എല്ലാവർക്കും സംരക്ഷണം നൽകുമെന്നാണ് താൻ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ പ്രസ്താവനയുടെ ഒരു ഭാഗം മാത്രം എടുത്ത് വളച്ചൊടിക്കുകയാണ് മാധ്യമങ്ങൾ ചെയ്തതെന്നും അത് വിശാലമായ അർത്ഥത്തിലല്ല റിപ്പോർട്ട് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
Post Your Comments