
കണ്ണൂർ: കണ്ണൂർ തയ്യിലിൽ ക്ഷേത്ര ഭണ്ഡാരം കുത്തിപ്പൊളിച്ച് പണം കവര്‍ച്ച നടത്തിയ മൂന്നംഗ സംഘം അറസ്റ്റിൽ. പള്ളിക്കുന്ന് സ്വദേശി നിഷിൽ, കക്കാട് സ്വദേശി മുഹമ്മദ് ഷാസ്, മലപ്പുറം സ്വദേശി ആസിഫ് സഹീർ എന്നിവരെയാണ് സിറ്റി പൊലീസ് പിടികൂടിയത്. ക്ഷേത്ര ജീവനക്കാരെ കണ്ട് രക്ഷപെട്ട ഇവരെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങളാണ്. കഴിഞ്ഞ മാസം 27 നു പുലർച്ചെയാണ് തയ്യിൽ കുറുംബ ഭഗവതി ക്ഷേത്രത്തിൽ കവർച്ച നടന്നത്.
27ന് പുലർച്ചെ സ്കൂട്ടറിലാണ് ഇവർ ക്ഷേത്രത്തിൽ എത്തിയത്. മതിലിനോട് ചേർന്നുള്ള തുരുമ്പെടുത്ത ഭണ്ഡാരം കണ്ടാണ് ഇവർ കവർച്ചാശ്രമം നടത്തിയത്. ശബ്ദം കേട്ട് ക്ഷേത്ര ജീവനക്കാർ എത്തിയതോടെ മൂവരും സ്കൂട്ടറും ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഇതോടെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ആദ്യം പിടികൂടിയത് നിഷിലിനെയാണ്. ചോദ്യം ചെയ്യലിൽനിന്ന് മറ്റു രണ്ടുപേരെ കുറിച്ചും വിവരം കിട്ടി.
കല്യാണത്തിൽ പങ്കെടുക്കാനെത്തിയ ഷാസിനെയും ആസിഫിനെയും നിഷിൽ നിർബന്ധിച്ച് കൂടെ കൂട്ടിയതെന്നാണ് പൊലീസ് പറയുന്നത്. പന്ത്രണ്ടായിരം രൂപയോളം നഷ്ടപ്പെട്ടെന്ന് ക്ഷേത്രഭാരവാഹികൾ പറയുന്നു. അവസാനമായി ഭണ്ഡാരം തുറന്നത് നാലുമാസം മുൻപാണ്. ആസിഫിനെതിരെ മലപ്പുറത്ത് മൊബൈൽ തട്ടിപ്പ് കേസുള്ളതായി പൊലീസ് പറഞ്ഞു. മൂവരും കണ്ണൂർ സബ് ജയിലിൽ റിമാഡിലാണ്.
Post Your Comments