ലോക രാജ്യങ്ങൾക്കിടയിൽ അസാധാരണ മുന്നേറ്റവുമായി ഇന്ത്യൻ ഓഹരി വിപണി. സാമ്പത്തിക മേഖലയിലെ മികച്ച വളർച്ചയുടെ കരുത്തിൽ നിരവധി വിദേശ നിക്ഷേപ സ്ഥാപനങ്ങളാണ് ഇന്ത്യയെ ലക്ഷ്യമിട്ട് എത്തുന്നത്. അമേരിക്കയിൽ നാണയപ്പെരുപ്പം കുറഞ്ഞതോടെ പലിശ വർദ്ധനവ് നടപടികൾ മരവിപ്പിച്ചതും, യുഎസ് കടപ്പത്രങ്ങളുടെ മൂല്യം ഇടിഞ്ഞതും മൂലം വൻകിട ഫണ്ടുകൾ മികച്ച വളർച്ചാ സാധ്യതയുള്ള വിപണിയായി ഇന്ത്യയെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അമേരിക്ക, യൂറോപ്പ് അടക്കമുള്ള പ്രമുഖ സാമ്പത്തിക മേഖലകളെല്ലാം കടുത്ത മാന്ദ്യത്തിലേക്ക് നീങ്ങുമ്പോഴാണ് ഇന്ത്യൻ ഓഹരി വിപണിയുടെ റെക്കോർഡ് കുതിപ്പ്.
കഴിഞ്ഞ മാസം വിദേശ നിക്ഷേപകർ 9,000 കോടി രൂപയുടെ ഓഹരികൾ ഇന്ത്യയിൽ നിന്നും വാങ്ങിയിട്ടുണ്ട്. ഇതോടൊപ്പം രാജ്യത്തെ കടപ്പത്ര വിപണിയിൽ വിദേശ നിക്ഷേപകർ 14,860 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ ഇന്ത്യയിലെത്തുന്ന ഏറ്റവും ഉയർന്ന പ്രതിമാസ നിക്ഷേപം കൂടിയാണിത്. അതേസമയം, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ വിദേശ സ്ഥാപനങ്ങൾ ഇന്ത്യയിൽ കനത്ത വിൽപ്പന സമ്മർദ്ദം സൃഷ്ടിച്ചിരുന്നെങ്കിലും, ഇവയെ മറികടന്നാണ് നവംബറിലെ മുന്നേറ്റം.
ബാങ്കിംഗ്, ഐടി, ഓട്ടോ, കൺസ്യൂമർ ഗുഡ്സ് തുടങ്ങിയ മേഖലകളിലെ ഓഹരികളിലാണ് കൂടുതലായും വിദേശനിക്ഷേപം എത്തിയിരിക്കുന്നത്. ഉൽപ്പാദന മേഖലയിലെ വെല്ലുവിളികളും, ഉയർന്ന പലിശ നിരക്കും, വിലക്കയറ്റ ഭീഷണിയും മറികടന്ന് ഇന്ത്യൻ കമ്പനികൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനാലാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വൻ തോതിൽ ഇന്ത്യയിലേക്ക് പണമൊഴുക്കുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
Post Your Comments