
കാഞ്ഞങ്ങാട്: മാവുങ്കാലിൽ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. കോഴിക്കോട് സ്വദേശിയും കാഞ്ഞങ്ങാട് ഡിപ്പോയിലെ ബസ് ഡ്രൈവറുമായ പി. പ്രവീൺ(48) ഗുരുതരനിലയിൽ അബോധാവസ്ഥയിലാണ്.
ജില്ല ആശുപത്രിയിലായിരുന്ന പ്രവീണിന് പ്രാഥമിക ചികിത്സ നൽകിയിട്ടും ബോധം തിരിച്ചുകിട്ടാത്തതിനെ തുടർന്ന്, കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസമാണ് കാഞ്ഞങ്ങാട് ഡിപ്പോയിൽ ജോലിക്കെത്തിയത്.
Read Also : റോഡരികിൽ നിർത്തി തടി കയറ്റവെ ലോറിയിൽ ബൈക്കിടിച്ചു: യുവാവിന് ഗുരുതര പരിക്ക്
കാർ ഡ്രൈവർ വെള്ളിക്കോത്ത് സ്വദേശി ബിജി (30), മോനാച്ച സ്വദേശി രതി (46), അമ്പലത്തറയിലെ കാർത്യായനി (65) എന്നിവരെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല.
ഞായറാഴ്ച ഉച്ച 12ഓടെയായിരുന്നു അപകടം. കാഞ്ഞങ്ങാടുനിന്ന് കാസർഗോഡേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും എതിരെവന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. മാവുങ്കാൽ ടൗണിന് സമീപം കാട്ടുകുളങ്ങര ഭാഗത്താണ് അപകടം. കാർ ഡ്രൈവറെ മണ്ണുമാന്തി ഉപയോഗിച്ച് കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. നിർമാണപ്രവൃത്തി നടക്കുന്ന ദേശീയപാതയിലെ സമാന്തരറോഡിലാണ് അപകടം. നാട്ടുകാർ ആണ് രക്ഷാപ്രവർത്തനം നടത്തിയത്.
Post Your Comments