വേങ്ങര: കച്ചേരിപ്പടി തളി ശിവക്ഷേത്രത്തിൽ അഖില ഭാരത അയ്യപ്പ സേവാ സംഘം തളി ശാഖ നടത്തുന്ന ഗുരു താമസ്വാമി സ്മാരക അയ്യപ്പൻ വിളക്കിന് പതിവ് തെറ്റിക്കാതെ ഇത്തവണയും പാണക്കാട് കൊടപ്പനയ്ക്കൽ തറവാട്ടിൽ നിന്നും തങ്ങളെത്തി. മുൻ വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങളാണ് ഇത്തവണ ഉത്സവത്തിന് എത്തിയത്. പാണക്കാട്ടെ പ്രതിനിധിയായിട്ടാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. കഴിഞ്ഞ 17 വർഷമായി മുടക്കാത്ത ശീലമാണിത്. ദേശ വിളക്കിനും മുടങ്ങാതെ ഉത്സവത്തിന് പാണക്കാട്ട് നിന്ന് പ്രതിനിധികൾ എത്താറുണ്ട്.
തങ്ങൾക്കൊപ്പം പി കെ കുഞ്ഞാലിക്കുട്ടിയും ക്ഷേത്രത്തിലെത്തി. ഇവിടെ ഒരുക്കിയ സമൂഹ അന്നദാനത്തിൽ അയ്യപ്പ ഭക്തൻമാർക്കൊപ്പമിരുന്ന് ഇരുവരും ഭക്ഷണം കഴിച്ചു. ഉച്ചയ്ക്കുശേഷം നടക്കുന്ന അയ്യപ്പൻ വിളക്കിന്റെ കാര്യങ്ങൾ ചോദിച്ച് അറിയുകയും ചെയ്തു. സബാഹ് കുണ്ടുപുഴയ്ക്കൽ, വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ പി ഹസീനാ ഫസൽ, വൈസ് പ്രസിഡൻറ് ടി കെ പൂച്ച്യാപ്പു തുടങ്ങി നാനാമേഖലകളിൽപ്പെട്ടവർ ക്ഷേത്രത്തിലൊരുക്കിയ സമൂഹ അന്നദാനത്തിൽ പങ്കെടുത്തു.
ക്ഷേത്ര ഭാരവാഹികളായ പറാട്ട് മണികണ്ഠൻ, ഇടത്തിൽ ശശിധരൻ, കെ. പത്മനാഭൻ, സുരേഷ് കടവത്ത്, ചിറയിൽ ബാബു, വിവേക് പറാട്ട്, മനോജ് ഇടത്തിൽ, ദാമോദരൻ പനയ്ക്കൽ എന്നിവർ ചേർന്ന് ക്ഷേത്രത്തിലെത്തിയവരെ സ്വീകരിച്ചു. ശനിയാഴ്ച പുലർച്ചെ ഗണപതി ഹോമത്തോടെ തുടങ്ങിയ ഉത്സവ ചടങ്ങുകൾ ഞായറാഴ്ച പുലർച്ചെ ആറിന് ഗുരുതി തർപ്പണത്തോടെയാണ് സമാപിക്കുക.
Post Your Comments