കൊല്ലം: ഓയൂരിലെ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നംഗ കുടുംബത്തെ അറസ്റ്റ് ചെയ്ത റിമാൻഡ് ചെയ്തതോടെ കേരള പൊലീസിനെ അഭിനന്ദിച്ച് സമൂഹ മാധ്യമങ്ങളിൽ നിരവധി പേരാണ് രംഗത്ത് വന്നത്. എന്നാൽ തട്ടിക്കൊണ്ടുപോകലിനെ കുറിച്ച് പൊലീസ് പറയുന്ന കഥ യുക്തിക്ക് നിരക്കുന്നതല്ല എന്ന ആരോപണം പല കേന്ദ്രങ്ങളിൽ നിന്നും ഉയരുന്നുണ്ട്. ആറുകോടിയിലേറെ രൂപയുടെ ആസ്തിയും 5 കോടി രൂപയുടെ ബാധ്യതയുമുള്ളയാൾ വെറും അഞ്ചോ പത്തോ ലക്ഷം രൂപയ്ക്കുവേണ്ടി ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ തയ്യാറാകുമോ എന്നതാണ് ഉയരുന്ന ആദ്യ സംശയം. സ്വന്തം മകളെയും ഭാര്യയേയും ഉൾപ്പെടെ ഇങ്ങനൊരു കുറ്റകൃത്യത്തിൽ ബോധമുള്ളയാൾ പങ്കാളിയാക്കുമോ എന്നതുൾപ്പെടെ നിരവധി ചോദ്യങ്ങളാണ് ഉയർന്നുവരുന്നത്.
പൊലീസിന്റെ വിശദീകരണത്തിലും ചില വൈരുധ്യങ്ങളുണ്ട്. പെട്ടെന്ന് തീർക്കേണ്ട ചില ബാധ്യതകൾക്ക് വേണ്ടിയാണ് പ്രതികൾ കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് വിശദീകരണം. അതേസമയംതന്നെ ഒരുവർഷത്തോളം പ്ലാൻ ചെയ്താണ് കുറ്റകൃത്യം ചെയ്തതെന്നും പൊലീസ് പറയുന്നു. സ്വന്തം ഉടമസ്ഥതതയിലുള്ള രണ്ട് കാർ വിറ്റാൽ കിട്ടാവുന്ന തുകയാണ് മോചനദ്രവ്യമായി പദ്മകുമാർ ആവശ്യപ്പെട്ടതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ പദ്മകുമാർ (52), ഭാര്യ അനിതകുമാരി (45), മകൾ അനുപമ (20) എന്നിവരാണ് കേസിലെ പ്രതികൾ. പദ്മകുമാർ ഒന്നാം പ്രതിയും, ഭാര്യ രണ്ടാം പ്രതിയും മകൾ മൂന്നാംപ്രതിയുമാണ്. ഇവരല്ലാതെ മറ്റാർക്കും സംഭവവുമായി ബന്ധമില്ലെന്നും കുട്ടിയുടെ അച്ഛന് ഒരു പങ്കുമില്ലെന്നും എ.ഡി.ജി.പി. എം.ആർ.അജിത്കുമാർ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ പദ്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് പറയുന്ന കഥയുടെ വിശ്വസനീയതയെച്ചൊല്ലിയാണ് ഇപ്പോൾ സംശയങ്ങൾ ഉയരുന്നത്.
കോവിഡിന് ശേഷം പദ്കുമാറിനുണ്ടായ വലിയ സാമ്പത്തിക പ്രശ്‌നങ്ങളാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കാൻ കാരണമായതെന്നാണ് പ്രതികളുടെ മൊഴി. അഞ്ചുകോടിയുടെ ബാധ്യതയുണ്ടെന്നാണ് പദ്മകുമാർ പോലീസിനോട് പറഞ്ഞത്. ആറുകോടിയുടെ ആസ്തികളുണ്ടെങ്കിലും ഇതെല്ലാം പണയത്തിലാണ്. പലയിടങ്ങളിൽനിന്നായി ഇയാൾ വായ്പയെടുത്തിരുന്നു. ഇതിന്റെ പെട്ടെന്നുള്ള ചില തിരിച്ചടവുകൾ തീർക്കാനാണ് പത്തുലക്ഷം രൂപ ആവശ്യമായി വന്നത്. ഈ തുക പലരോടും ചോദിച്ചിരുന്നു. തുടർന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി പണം കൈക്കലാക്കാമെന്ന പദ്ധതിയിട്ടതെന്നും എ.ഡി.ജി.പി. പറഞ്ഞു.
കടംകയറി തകർന്ന കുടുംബം അവസാന കച്ചിത്തുരുമ്പായാണ് തട്ടിക്കൊണ്ടുപോകൽ നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഏറ്റവും അത്യാവശ്യമായി തീർക്കേണ്ട ചില കടങ്ങൾ വീട്ടാനും, ഈടായി നൽകിയിട്ടുള്ള ഏതെങ്കിലും ഭൂമി മോചിപ്പിച്ച് വിൽക്കാനും ഉദ്ദേശിച്ചിരുന്നു. ഏറെനാളത്തെ പരിശീലനവും ആസൂത്രണവും ഉള്ളതുകൊണ്ടാണ് പ്രതികൾക്ക് ഇത്രത്തോളം കൃത്യതയുണ്ടായതെന്നുമാണ് പൊലീസ് നിലപാട്.
അഞ്ചുലക്ഷം രൂപവരെ മാസവരുമാനമുള്ള യുവതി അഞ്ചുലക്ഷം രൂപയ്ക്കുവേണ്ടി കുഞ്ഞിനെ തട്ടിയെടുക്കുമോ എന്ന ചോദ്യത്തിന് സാമൂഹിക മാധ്യമങ്ങളിൽനിന്ന് ലഭിച്ചിരുന്ന വരുമാനം ജൂലായ് മുതൽ ലഭിക്കാതായതോടെയാണ് യുവതി കുറ്റകൃത്യത്തിനു പിന്തുണ പ്രഖ്യാപിച്ച് ഒപ്പംകൂടിയതെന്നാണ് പൊലീസിന്റെ വിശദീകരണം..
ഒരുവർഷംമുമ്പ് പദ്ധതിയിട്ടപ്പോൾ പദ്മകുമാറിന്റെ അമ്മ നിരുത്സാഹപ്പെടുത്തിയെന്ന് പൊലീസ് പറയുന്നു. ആറുമാസംമുമ്പ് അമ്മ മരിച്ചശേഷമാണ് വീണ്ടും ആസൂത്രണം ചെയ്തത്.
നാലുദിവസം പോലീസിനെ വട്ടംചുറ്റിച്ച പദ്‌മകുമാറും കുടുംബവും ഇത്ര നിസ്സാരമായ തുകയ്ക്കുവേണ്ടി തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്യുമോ, ഇതുമായി ബന്ധപ്പെട്ട മറ്റ് അന്വേഷണങ്ങൾ എവിടെവരെയായി തുടങ്ങിയ ചോദ്യങ്ങൾ അവശേഷിക്കുകയാണിപ്പോഴും. ഏക മകളെയും ഭാര്യയെയും നിസ്സാരമായ തുകയ്ക്കുവേണ്ടി ഇത്ര വലിയ കുറ്റകൃത്യത്തിൽ പങ്കാളിയാക്കുമോ എന്ന ചോദ്യവും അവശേഷിക്കുന്നു. കെ.ബി.ഗണേഷ്‌കുമാർ എം.എൽ.എ. അടക്കമുള്ളവർ സമാന സംശയങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.
അഞ്ചുകോടി രൂപ കടമുള്ളയാൾ അതു തീർക്കാൻ സാധാരണക്കാരനായ ഒരാളുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയി 10 ലക്ഷം രൂപ ആവശ്യപ്പെട്ടത് വിശ്വസിക്കാനാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പണത്തിനായി കുട്ടിയെ തട്ടിക്കൊണ്ടുപോയ ‘റാംജിറാവ് സ്പീക്കിങ്’ എന്ന പഴയ തമാശ സിനിമയിലെപ്പോലെ മണ്ടൻനീക്കമായിരുന്നു പ്രതികളുടേതെന്നാണ് പോലീസ് സേനയിൽനിന്നുയരുന്ന കമന്റ്.
Post Your Comments