തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പിലാക്കുന്നു. ആധാർ അധിഷ്ഠിത ബയോമെട്രിക് പഞ്ചിംഗ് സംവിധാനമാണ് സജ്ജമാക്കുക. ഇതോടെ, ഡോക്ടർമാർ അടക്കമുള്ള ജീവനക്കാർക്ക് പഞ്ചിംഗ് ബാധകമാകും. റിപ്പോർട്ടുകൾ പ്രകാരം, സംസ്ഥാനത്തെ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ, ജില്ല ആശുപത്രികൾ, ജനറൽ ആശുപത്രികൾ, ജില്ലാ മെഡിക്കൽ ഓഫീസുകൾ എന്നിവിടങ്ങളിലും പഞ്ചിംഗ് സംവിധാനം എത്തുന്നതാണ്. അടുത്ത രണ്ട് വർഷത്തിനകമാണ് ഈ സംവിധാനം പ്രാബല്യത്തിലാകുക.
ആരോഗ്യ വകുപ്പിന് കീഴിലെ ഡയറക്ടറേറ്റ് ഉൾപ്പെടെ 10 സ്ഥാപനങ്ങളിൽ ഇതിനോടകം പഞ്ചിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. നേരത്തെ മെഡിക്കൽ കോളേജുകളിൽ പഞ്ചിംഗ് നടപ്പാക്കിയിരുന്നെങ്കിലും കോവിഡ് വന്നതോടെ ഇവ ഉപേക്ഷിക്കുകയായിരുന്നു. അതേസമയം, ആരോഗ്യ മേഖലയിൽ ഡിജിറ്റൽ സാങ്കേതികവിദ്യ നടപ്പാക്കാൻ കഴിഞ്ഞ ദിവസം 7.85 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. ഇതിൽ പഞ്ചിംഗ് സംവിധാനത്തിനായി 5.16 കോടി രൂപയാണ് അനുവദിച്ചത്. ഇതിനോടൊപ്പം ആരോഗ്യവകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുടെ വിവരങ്ങൾ കേന്ദ്രീകൃതമായി നിരീക്ഷിക്കുന്നതിനായി സെൻട്രൽ ഡാറ്റ റിപ്പോസിറ്ററി അപ്ലിക്കേഷൻ സജ്ജമാക്കാൻ 14.50 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
Leave a Comment