![](/wp-content/uploads/2023/12/temple.gif)
തൃശ്ശൂര്‍ നഗരഹൃദയത്തിലുള്ള (കേരളം, ഇന്ത്യ) ചെറിയ കുന്നായ, തേക്കിന്‍കാട് മൈതാനത്തിന്റെ മദ്ധ്യത്തിലാണ് ശ്രീ വടക്കുംനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവന്‍ (വടക്കുംനാഥന്‍), ശങ്കരനാരായണന്‍, ശ്രീരാമന്‍, പാര്‍വ്വതി എന്നിവരാണ് ഈ ക്ഷേത്രത്തിലെ പ്രധാനദേവതകള്‍. പുരാതനകാലത്ത് ഇത് ഒരു ബുദ്ധവിഹാരമായിരുന്നു എന്നതിനു തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ശ്രീവടക്കുന്നാഥന്‍ ക്ഷേത്രത്തിനു തൃശ്ശൂരുമായി വളരെ അധികം ചരിത്ര പ്രധാനമായ ബന്ധമാണുള്ളത്. ശക്തന്‍ തമ്പുരാന്റെ കാലഘട്ടത്തിലാണ് ഈ ക്ഷേത്രം ഇന്നത്തെ രീതിയില്‍ പുനര്‍നിര്‍മ്മിക്കപ്പെട്ടത്. കേരളത്തിലെ ഏറ്റവും വലിയ മതില്‍ക്കെട്ട് ഉള്ള വടക്കുന്നാഥക്ഷേത്രം 20 ഏക്കര്‍ വിസ്താരമേറിയതാണ്. നാലുദിക്കുകളിലുമായി നാലു മഹാഗോപുരങ്ങള്‍ ഇവിടെ പണിതീര്‍ത്തിട്ടുണ്ട്. വടക്കുംനാഥന്റെ മഹാപ്രദക്ഷിണവഴിയാണ് സ്വരാജ് റൗണ്ട് എന്നറിയപ്പെടുന്നത്. അതിനാല്‍ തൃശ്ശൂര്‍ നഗരത്തില്‍ വരുന്ന ഒരാള്‍ക്കും വടക്കുന്നാഥക്ഷേത്രത്തിന് മുന്നിലൂടെയല്ലാതെ കടന്നുപോകാന്‍ കഴിയില്ല. 108 ശിവാലയ സ്‌തോത്രത്തില്‍ ഒന്നാം സ്ഥാനം അലങ്കരിയ്ക്കുന്ന തൃശ്ശൂര്‍ വടക്കുന്നാഥക്ഷേത്രത്തെ ശ്രീമദ്ദക്ഷിണകൈലാസം എന്നാണ് അതില്‍ പ്രതിപാദിച്ചിരിയ്ക്കുന്നത്.
ഇരുപത്തൊന്ന് വട്ടം ക്ഷത്രിയരെ കൂട്ടക്കൊല ചെയ്തതിന്റെ പ്രായശ്ചിത്തമായി പരശുരാമന്‍ തനിയ്ക്ക് ലഭിച്ച ഭൂമിയെല്ലാം ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തു. അവിടങ്ങളിലെല്ലാം അദ്ദേഹം അവര്‍ക്ക് ആരാധന നടത്താന്‍ ക്ഷേത്രങ്ങളും നിര്‍മ്മിച്ചുകൊടുത്തു. കൂട്ടത്തില്‍ പ്രധാനപ്പെട്ടതായിരുന്നു അദ്ദേഹം തന്നെ മഴുവെറിഞ്ഞ് സൃഷ്ടിച്ച കേരളഭൂമി. കേരളത്തിലെ ബ്രാഹ്മണര്‍ക്ക് ആരാധന നടത്താനായി പരശുരാമന്‍ നൂറ്റെട്ട് ശിവക്ഷേത്രങ്ങളും നൂറ്റെട്ട് ദുര്‍ഗ്ഗാക്ഷേത്രങ്ങളും അഞ്ച് ശാസ്താക്ഷേത്രങ്ങളും ഏതാനും വിഷ്ണുക്ഷേത്രങ്ങളും നിര്‍മ്മിച്ചുകൊടുത്തു. അവയില്‍ നൂറ്റെട്ട് ശിവക്ഷേത്രങ്ങളില്‍ ഒന്നാം സ്ഥാനം അലങ്കരിയ്ക്കുന്ന തൃശ്ശൂര്‍ വടക്കുംനാഥക്ഷേത്രത്തിന്റെ ഉത്ഭവത്തിനുപിന്നില്‍ ഒരു ഐതിഹ്യമുണ്ട്. അതിങ്ങനെ:
ഒരുദിവസം കൈലാസത്തിലെത്തിയ പരശുരാമന്‍ താന്‍ പുതുതായി നിര്‍മ്മിച്ച ഭൂമിയെക്കുറിച്ച് ശിവഭഗവാനോട് സംസാരിയ്ക്കുകയും അവിടെ വാണരുളണമെന്ന് അഭ്യര്‍ത്ഥിയ്ക്കുകയും ചെയ്തു. എന്നാല്‍ ആദ്യം ശിവന്‍ വിസമ്മതിച്ചു. പിന്നീട് പാര്‍വ്വതീദേവി അഭ്യര്‍ത്ഥിച്ചപ്പോള്‍ മാത്രമാണ് ഭഗവാന്‍ സമ്മതം മൂളിയത്. ഉടനെത്തന്നെ ശിവപാര്‍ഷദന്മാരായ നന്തികേശ്വരന്‍, സിംഹോദരന്‍, ഭൃംഗീരടി തുടങ്ങിയവരും ശിവപുത്രന്മാരായ ഗണപതിയും സുബ്രഹ്മണ്യനും അടക്കം കൈലാസവാസികളെല്ലാവരും കൂടി ഭാര്‍ഗ്ഗവഭൂമിയിലേയ്ക്ക് പുറപ്പെട്ടു. അവര്‍ ഭാര്‍ഗ്ഗവഭൂമിയില്‍ ഒരു സ്ഥലത്തെത്തിയപ്പോള്‍ പെട്ടെന്നൊരു സ്ഥലത്തുവച്ച് യാത്ര നിന്നു. അവിടെ ഒരു ഉഗ്രതേജസ്സ് കണ്ട പരശുരാമന്‍ പ്രതിഷ്ഠയ്ക്ക് ഏറ്റവും ഉചിതമായ സ്ഥലം അതുതന്നെയെന്ന് മനസ്സിലാക്കി. ഉടനെത്തന്നെ അദ്ദേഹം ശിവനോട് അവിടെ കുടികൊള്ളണമെന്ന് അഭ്യര്‍ത്ഥിച്ചു. ശിവന്‍ ഉടനെത്തന്നെ പാര്‍വ്വതീസമേതം അങ്ങോട്ട് എഴുന്നള്ളി. ആ സമയത്ത് അവിടെ പ്രത്യക്ഷപ്പെട്ട മഹാവിഷ്ണുവിനോട് തന്റെ തെക്കുഭാഗത്തിരിയ്ക്കാന്‍ പറഞ്ഞ ശിവന്‍ സ്വയം ഒരു ജ്യോതിര്‍ലിംഗമായി മാറി വടക്കുഭാഗത്ത് കുടികൊണ്ടു. അങ്ങനെയാണ് പ്രതിഷ്ഠയ്ക്ക് വടക്കുംനാഥന്‍ എന്ന പേരുണ്ടായത്. ക്ഷേത്രമതില്‍ക്കെട്ടിനുപുറത്ത് വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഒരു ആല്‍മരത്തിന്റെ തറയിലാണ് ഇത് സംഭവിച്ചതെന്ന് പറയപ്പെടുന്നു. ഇന്ന് അവിടം ശ്രീമൂലസ്ഥാനം എന്നറിയപ്പെടുന്നു. ശ്രീമൂലസ്ഥാനത്ത് ഇന്നും ദിവസവും വിളക്കുവയ്പുണ്ട്. തുടര്‍ന്ന് ശ്രീമൂലസ്ഥാനത്തുനിന്നും ശൈവവൈഷ്ണവതേജസ്സുകളെ ആവാഹിച്ച് പരശുരാമന്‍ തന്നെ ഇന്നത്തെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചു. അതിനുശേഷം യഥാവിധി പൂജകള്‍ കഴിച്ച അദ്ദേഹം തുടര്‍ന്ന് ക്ഷേത്രത്തിന്റെ വടക്കുകിഴക്കേമൂലയില്‍ അന്തര്‍ദ്ധാനം ചെയ്തു. ഇന്നും അവിടെ പരശുരാമസ്മരണയില്‍ ദീപപ്രതിഷ്ഠ നടത്തുന്നുണ്ട്.
Post Your Comments