Latest NewsKeralaNews

കേരള പോലീസ് രാജ്യത്ത് തന്നെ മുൻ നിരയിൽ, അർപ്പണ മനോഭാവത്തോടെ പൊലീസ് പ്രവർത്തിച്ചു: മുഖ്യമന്ത്രി

പാലക്കാട്: കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടികൊണ്ടു പോയ സംഭവത്തില്‍ നല്ല രീതിയിലുള്ള അന്വേഷണം നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസിന്റെ അന്വേഷണ മികവുകൊണ്ടാണ് പ്രതികളെ പിടിക്കാനായത് എന്നദ്ദേഹം പറഞ്ഞു. അർപ്പണ മനോഭാവത്തോടെ പൊലീസ് പ്രവർത്തിച്ചുവെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇത്തരം സംഭവങ്ങളുണ്ടായ ഉടനെ കുറ്റവാളികളെ പിടികൂടാൻ കഴിയണമെന്നില്ലെന്ന് ചിലർ അനാവശ്യമായി പൊലീസിനെ കുറ്റപ്പെടുത്തുകയാണെന്ന് ചൂണ്ടിക്കാട്ടി.

കൊല്ലം സംഭവം മാധ്യമങ്ങൾ സംയമനത്തോടെ റിപ്പോർട്ട് ചെയ്തു. ആ ശ്രദ്ധയും സൂക്ഷ്മതയും തുടർന്നുമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടിയെ കണ്ടെത്തിയത് പൊലീസിന്റെ വലിയ വ്യൂഹമാണ്. കുട്ടിയെയും കൊണ്ട് പുറത്തേക്ക് പോകാന്‍ തട്ടികൊണ്ടു പോയ സംഘത്തിന് കഴിഞ്ഞില്ല. അതിനെ താൻ അന്ന് അഭിനന്ദിച്ചിരുന്നു. എന്നാൽ യുക്തിബോധത്തെ ചോദ്യം ചെയ്യുന്നതാണ് മുഖ്യമന്ത്രിയുടെ പ്രതികരണമെന്നായിരുന്നു അന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത് എന്നദ്ദേഹം കുറ്റപ്പെടുത്തി.

കുട്ടിയെ പെട്ടെന്ന് കണ്ടെത്താത്തതിൽ ചിലര്‍ പൊലീസ് സ്റ്റേഷൻ ഉപരോധിക്കാൻ ഇറങ്ങി പുറപ്പെട്ടു. അതിന്റെ അർത്ഥമെന്താണ്? എന്തെങ്കിലും വീഴ്ച സംഭവിച്ചാലല്ലേ പ്രതിഷേധിക്കുക? രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ് ഇത്തരം പ്രതിഷേധമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അന്വേഷണ മികവിൽ രാജ്യത്ത് തന്നെ മുൻ നിരയിലാണ് സംസ്ഥാന പൊലീസ് എന്നും മുഖ്യമന്ത്രി പറഞ്ഞു. എകെജി സെന്റർ ആക്രമണത്തില്‍ പ്രതികളെ പിടികൂടാൻ വൈകിയതിനെതിരെ പ്രചാരണമുണ്ടായി. ‘കിട്ടിയോ?’ എന്ന് ഓരോ ദിവസവും ചോദിച്ചു. എന്നാല്‍ അന്വേഷണത്തിനൊടുവില്‍ പിടികൂടിയത് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെയാണ്. അതോടെ എല്ലാവരും പിൻവാങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button