കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ചാത്തന്നൂർ സ്വദേശിയായ പത്മകുമാർ, ഭാര്യ അനിത, മകൾ അനുപമ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടൊപ്പം, പത്മകുമാറും കുടുംബവും കിഡ്നാപ്പിംഗ് സംഘമാണെന്ന സൂചനയാണ് പോലീസിൽ നിന്നും ലഭിക്കുന്നത്. പല കുട്ടികളെയും തട്ടി കൊണ്ടുപോകാൻ ശ്രമം നടത്തിയതായാണ് പ്രതികൾ മൊഴി നൽകിയിരിക്കുന്നത്. അബിഗേലിനെ തട്ടിക്കൊണ്ടുപോകാൻ ഇവർ മൂന്ന് തവണയാണ് ശ്രമം നടത്തിയത്. കുട്ടികളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം വാങ്ങാമെന്നായിരുന്നു പദ്ധതി. ഇതിനുള്ള ട്രയൽ കിഡ്നാപ്പിംഗ് ആണ് അബിഗേലിന്റെ തട്ടിക്കൊണ്ടുപോകലെന്നാണ് പ്രതികൾ നൽകിയിരിക്കുന്ന മൊഴി.
വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന പത്മകുമാര്‍ കുടുംബത്തിനൊപ്പം ചേര്‍ന്ന് നടത്തിയ പ്ലാൻ ആയിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോകലെന്നാണ് വിവരം. പത്മകുമാര്‍ ലോൺ ആപ്പിൽ നിന്നും വായ്പയെടുത്തിരുന്നു. ക്രഡിറ്റ് കാർഡ് വഴിയും പണമിടപാട് നടത്തി. ഈ വായ്പകളെല്ലാം തീര്‍ക്കാൻ പണം കിട്ടാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. മകളുടെ നഴ്സിംഗ് പ്രവേശനത്തിനായി റെജിക്ക് നൽകിയ അഞ്ച് ലക്ഷം രൂപ തിരിച്ചുകിട്ടാൻ നടത്തിയ ശ്രമമാണ് തട്ടിക്കൊണ്ടുപോകലെന്ന ആദ്യ മൊഴിയാണ് ഇതോടെ പൊളിഞ്ഞത്.
ഭാര്യ അനിതയ്ക്കും മകൾ അനുപമയ്ക്കും തട്ടിക്കൊണ്ടുപോകലിൽ പങ്കില്ലെന്നായിരുന്നു പത്മകുമാർ ആദ്യം മൊഴി നൽകിയത്. എന്നാൽ പിന്നീട് ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലിൽ തങ്ങൾക്കും പങ്കുണ്ടെന്ന് അനിതയും അനുപമയും സമ്മതിച്ചു. ഇന്നലെ റെജിയുമായുള്ള സാമ്പത്തിക ഇടപാടിനെ കുറിച്ചും പൊലീസ് അന്വേഷിച്ചിരുന്നു. മകളുടെ പഠനവുമായി ബന്ധപ്പെട്ട പത്മകുമാറിന്റെ മൊഴി പൂർണമായും പൊലീസ് വിശ്വസിച്ചിരുന്നില്ല. ഇന്നലെ പുലർച്ചെ മൂന്ന് മണിവരെ ചോദ്യം ചെയ്ത പ്രതികളെ ഇന്നും ചോദ്യം ചെയ്യൽ തുടരുകയാണ്.
ചാത്തന്നൂര്‍ സ്വദേശി പത്മകുമാറും ഇയാളുടെ കുടുംബവുമാണ് തെങ്കാശിയില്‍ നിന്ന് കസ്റ്റഡിയിലായത്. ഇവരെ അടൂര്‍ കെഎപി ക്യാമ്പിലെത്തിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്തിരുന്നു. നവംബർ 27ന് വൈകിട്ടാണ് സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ആറു വയസുകാരിയായ കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സമയത്ത് ഒപ്പമുണ്ടായിരുന്നു സഹോദരന്റെ കൈയിൽ പദ്മകുമാറും സംഘവും ഭീഷണി കത്ത് നൽകിയിരുന്നു. പണം നൽകിയാൽ കുട്ടിയെ വിട്ടുനൽകുമെന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. എന്നാൽ സഹോദരൻ കുറിപ്പ് വാങ്ങിയില്ല. കുറിപ്പ് കാറിനുള്ളിൽ തന്നെ വീണു.
കുട്ടിയെ താമസിപ്പിക്കുന്ന ഇടത്തിലെത്തി ടിവി വെച്ചപ്പോഴേക്കും നാട് മുഴുവൻ സംഭവം അറിഞ്ഞെന്നും ഇനി രക്ഷയില്ലെന്നും വ്യക്തമായി. ഇതോടെയാണ് കുട്ടിയെ ഉപേക്ഷിക്കാൻ തീരുമാനിച്ചത്. പിറ്റേന്ന് ഉച്ചയ്ക്ക് ഒന്നരയോടെ കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു. പിന്നീട് കുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ രേഖാ ചിത്രം വരയ്ക്കുകയായിരുന്നു. പത്മകുമാറിന്റെ ഫോട്ടോ എടുത്ത് കൊല്ലത്തേക്ക് അയച്ച് കുട്ടിയെ കാണിച്ച് ഉറപ്പ് വരുത്തുകയും ചെയ്ത ശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Post Your Comments