ആലപ്പുഴ: ആലപ്പുഴയിൽ നിന്ന് ഡൽഹി വരെ സർവീസ് നടത്തുന്ന സ്പെഷ്യൽ ട്രെയിൻ ഇന്ന് പുറപ്പെടും. ട്രെയിൻ നമ്പർ 06085 ആണ് സർവീസ് നടത്തുന്നത്. ഇന്ന് രാത്രി 11.00 മണിക്ക് ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന തരത്തിലാണ് ക്രമീകരണം. പാലക്കാട് വഴിയാണ് സർവീസ് നടത്തുക. ഞായറാഴ്ച അർധരാത്രിയോടെ ട്രെയിൻ ഡൽഹി റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. എസി ത്രീ ടയർ കോച്ചുകൾ മാത്രമുള്ള ഈ ട്രെയിനിന്റെ റിസർവേഷൻ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. തൽക്കാൽ നിരക്കാണ് ഈടാക്കുക. അതേസമയം, സംസ്ഥാനത്തെ ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കാനുള്ള പദ്ധതികൾക്ക് ഇന്ന് മുതൽ തുടക്കമാകും.
വരും വർഷത്തോടെ എറണാകുളം-തിരുവനന്തപുരം പാതയിൽ ട്രെയിനുകളുടെ വേഗത 110 കിലോമീറ്ററാക്കി ഉയർത്തും. ഇതിനായി 54 ചെറുവളവുകളാണ് നിവർത്തുക. ഇതിനോടൊപ്പം സിഗ്നലുകളുടെ നവീകരണം, പാലങ്ങൾ ബലപ്പെടുത്തൽ എന്നിവയും പൂർത്തിയാക്കിയാണ് ട്രെയിനുകളുടെ വേഗത ഉയർത്തുക. അതേസമയം, കൊച്ചുവേളി മുതൽ പേട്ട വരെയുള്ള ട്രാക്ക് നവീകരണം അന്തിമ ഘട്ടത്തിലാണ്. ഛത്തീസ്ഗഡിലെ ഭിലായ് സ്റ്റീൽ പ്ലാന്റിൽ നിന്നാണ് റെയിൽ പാളങ്ങൾ ഇറക്കുമതി ചെയ്തിരിക്കുന്നത്. 52 ഗേജുളള ഇരുമ്പുപാളങ്ങൾ കൊണ്ടാണ് നിലവിലെ ട്രാക്ക് നിർമ്മിച്ചിട്ടുള്ളത്. ചെന്നൈയിലെ ശാന്ത കൺസ്ട്രക്ഷൻസ് എന്ന കമ്പനിക്കാണ് പാളങ്ങൾ മാറ്റുന്നതിന്റെ കരാർ.
Also Read: ഡിസപിയറിംഗ് ഓപ്ഷനോടുകൂടിയ ടെക്സ്റ്റ് സ്റ്റാറ്റസ്, പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു
Post Your Comments