തിരുവനന്തപുരം: കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലറായ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്റെ നിയമനം റദ്ദ് ചെയ്തുകൊണ്ടുള്ള സുപ്രീംകോടതി വിധി സംസ്ഥാന സർക്കാരിനേറ്റ തിരിച്ചടിയാണെന്നുള്ള പ്രചാരണത്തിന് അടിസ്ഥാനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വസ്തുതകളെ തെറ്റായി അവതരിപ്പിച്ച ചാൻസലർ കൂടിയായ ഗവർണർക്കാണ് കോടതിയിൽ നിന്നും കനത്ത തിരിച്ചടി ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. സ്വയം തീരുമാനമെടുക്കാനുള്ള ചാൻസലറുടെ ഒരവകാശത്തെയും ഹനിക്കുന്ന ഒന്നും സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. ഉണ്ടാകാത്ത ബാഹ്യ സമ്മർദ്ദം ഉണ്ടെന്ന് വരുത്തിതീർക്കാനുള്ള ശ്രമങ്ങൾക്കേറ്റ തിരിച്ചടിയായേ ഇതിനെ കാണാനാവൂവെന്ന് അദ്ദേഹം അറിയിച്ചു.
പരമോന്നത നീതി പീഠത്തിൽ നിന്നും ഉണ്ടായ വിധിയിൽ നിയമനാധികാരിയായ ചാൻസലറുടെ നടപടികളെക്കുറിച്ചാണ് പ്രതികൂല പരാമർശങ്ങളുള്ളത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഒരഭിപ്രായം പ്രകടിപ്പിച്ചാൽ അതു കാരണം ചട്ടവിരുദ്ധമായതെന്തോ ചെയ്യേണ്ടി വന്നു എന്ന് ചാൻസലർ പറയുന്നത് അദ്ദേഹം വഹിക്കുന്ന പദവിക്ക് നിരക്കുന്നതാണോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. സുപ്രീംകോടതിയുടെ വിധി കണ്ണൂർ വിസിയുടെ പുനർനിയമനം നിയമപ്രകാരവും ചട്ടപ്രകാരവും പൂർണ്ണമായും ശരിയാണെന്ന് തെളിയിക്കുന്ന ഒന്നാണ്. രാജ്യത്തെ ഭരണഘടനാ കോടതികൾക്കൊന്നും തന്നെ നിയമന പ്രക്രിയയിൽ എവിടെയും ഒരു ന്യൂനതയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നത് തൽപ്പരകക്ഷികളുടെ നുണപ്രചരണങ്ങളുടെ ആണിക്കല്ലിളക്കിയിരിക്കുകയാണ്. വിധി സർക്കാരിന് തിരിച്ചടിയാണ് എന്ന തരത്തിൽ ചില മാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചരണത്തിന്റെ സത്യാവസ്ഥ എന്തെന്ന് മനസ്സിലാക്കാൻ സുപ്രീംകോടതി വിധിതന്നെ വായിച്ചാൽ മതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ പദവിയിലേക്ക് പ്രൊഫസർ ഗോപിനാഥ് രവീന്ദ്രന് നൽകിയ പുനർനിയമനം നിയമപ്രകാരവും ചട്ട പ്രകാരവുമാണെന്ന് കേരള ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും വിധിച്ചതാണ്. ആ വിധിന്യായങ്ങളെ സുപ്രീംകോടതി പൂർണ്ണമായും ശരിവച്ചിരിക്കുന്നു എന്നാണ് മനസ്സിലാക്കുന്നത്. പ്രൊഫസർ ഗോപിനാഥ് രവീന്ദ്രൻറെ നിയമന സാധുതയെ ചോദ്യം ചെയ്താണ് പ്രതിപക്ഷവും ചില മാധ്യമങ്ങളും രംഗത്തിറങ്ങിയത്. നിയമന സാധുതക്കെതിരായ ആ വാദം സുപ്രീംകോടതി അടക്കം രാജ്യത്തെ ഒരു കോടതിയും അംഗീകരിച്ചില്ല എന്നതാണ് ഇവിടെ എടുത്തു പറയേണ്ടത്. സുപ്രീംകോടതി മുമ്പാകെ ഫയൽ ചെയ്യപ്പെട്ട ഹരജിയിൽ ചാൻസലർ പദവി വഹിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒന്നാം നമ്പർ എതിർകക്ഷിയായിരുന്നു. സുപ്രീംകോടതി മുമ്പാകെ ചാൻസലർ സത്യവാങ്മൂലവും സമർപ്പിച്ചിരുന്നു. അതിൽ അദ്ദേഹം പറഞ്ഞ ഒരു കാര്യം പ്രൊഫസർ ഗോപിനാഥ് രവീന്ദ്രനെ കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലറായി പുനർനിയമിച്ചത് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായിട്ടാണ് എന്നതാണ്. ഈ വാദവും സുപ്രീംകോടതി അംഗീകരിച്ചില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments