KeralaLatest NewsNews

കേരളം കൈവരിച്ച നേട്ടങ്ങളെ സ്വന്തം ബ്രാന്റ് പതിച്ചു തട്ടിയെടുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്: വിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളം കൈവരിച്ച നേട്ടങ്ങളേയും സ്വന്തം ബ്രാന്റ് പതിച്ചു തട്ടിയെടുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള പ്രാഥമികതല ആരോഗ്യ കേന്ദ്രങ്ങളെ ‘ആയുഷ്മാൻ ആരോഗ്യമന്ദിർ’ എന്ന് പേര് മാറ്റണമെന്നാണ് പുതിയ കേന്ദ്ര നിർദേശം. 2023 ഡിസംബർ 31നകം പേരുമാറ്റം പൂർത്തിയാക്കാനാണ് കേന്ദ്രം പറയുന്നത്. ഇതൊന്നും ആരോഗ്യകരമായ നിർദേശമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: കൃഷ്ണ ചിത്രങ്ങൾ വീട്ടിൽ ഉണ്ടോ? ഇപ്രകാരമുള്ള കൃഷ്ണനാണോ അതിൽ, ഭാഗ്യം ഒളിഞ്ഞിരിക്കുന്ന കൃഷ്ണ ചിത്രങ്ങളെക്കുറിച്ച് അറിയാം

സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ രാജ്യത്തിന് തന്നെ മാതൃകയാണ്. മറ്റ് സംസ്ഥാനങ്ങളിൽ സബ് സെന്ററുകളിലൂടെ നാമമാത്ര സേവനങ്ങൾ മാത്രം നൽകി വരുമ്പോൾ നമ്മൾ കൂടുതൽ സേവനങ്ങൾ നൽകി അടുത്തിടെ ഈ സബ് സെന്ററുകളെ ജനകീയാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി വൈകുന്നേരം വരെ പ്രവർത്തിക്കുന്ന നിലയുണ്ടാക്കി. കാലാകാലങ്ങളായി സർക്കാരും തദ്ദേശ സ്ഥാപനങ്ങളും ചേർന്നാണ് സ്ഥലവും കെട്ടിടവും വികസനവുമൊക്കെ സാധ്യമാക്കിയത്. സബ്‌സെന്ററുകൾക്ക് വെറും 4 ലക്ഷം രൂപയാണ് കേന്ദ്രം നൽകുന്നത്. സംസ്ഥാനങ്ങളുടെ പൂർണ്ണ നിയന്ത്രണത്തിലുള്ളതാണ് ആരോഗ്യമേഖല. എന്നിട്ടും ഈ പേര് മാറ്റാൻ നിർബന്ധിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കോബ്രാൻഡിംഗ് നടത്തിയില്ല എന്ന മുട്ടാപ്പോക്ക് ന്യായം പറഞ്ഞ് സംസ്ഥാനത്തിന് അർഹമായ കേന്ദ്ര വിഹിതം തടഞ്ഞു വയ്ക്കുകയാണിപ്പോൾ. 2023-24 ലെ കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ കേന്ദ്രം പറഞ്ഞിരിക്കുന്ന ഫണ്ടുകൾ പോലും തന്നിട്ടില്ല. 2521.99 കോടി രൂപയാണ് ആർഒപി. ഗ്രാന്റായി അംഗീകാരം നൽകിയിട്ടുള്ളൂവെങ്കിലും അതിൽ 1376.70 കോടി രൂപ മാത്രമേ ഈ വർഷം ചെലവഴിക്കാൻ അനുമതിയുള്ളൂവെന്ന് അദ്ദേഹം അറിയിച്ചു.

എൻഎച്ച്എം. റിസോഴ്‌സ്, അടിസ്ഥാനസൗകര്യ വികസനം, കൈൻഡ് ഗ്രാന്റ് എന്നീ വിഭാഗങ്ങളിലാണ് തുകയനുവദിക്കുന്നത്. ഈ തുകയിൽ 60:40 അനുപാതത്തിൽ കേന്ദ്രം അനുവദിക്കേണ്ടത് 826.02 കോടിയാണ്. സംസ്ഥാനം 550.68 കോടിയും. കോബ്രാൻഡിംഗ് നടത്തിയില്ല എന്നതാണ് ഫണ്ടനുവദിക്കുന്നതിനു തടസമായി പറയുന്നതെങ്കിൽ അതും വാസ്തവവിരുദ്ധമാണ്. കേന്ദ്ര നിർദേശ പ്രകാരം 6,825 സ്ഥാപനങ്ങളിൽ 99 ശതമാനം കോ ബ്രാൻഡിംഗ് പൂർത്തിയാക്കി കഴിഞ്ഞ ഒക്ടോബറിൽ തന്നെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കത്ത് നൽകിയിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എൻഎച്ച്എം പ്രവർത്തനങ്ങൾക്ക് അനുവദിക്കുന്ന 409.05 കോടി രൂപയിൽ ക്യാഷ് ഗ്രാന്റായി 371.20 കോടി രൂപയാണ് ധനകാര്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ളത്. ഈ തുക 4 ഗഡുക്കളായാണ് (25 ശതമാനം വീതം) അനുവദിക്കുന്നത്. ഒരു ഗഡു 92.80 കോടി രൂപയാണ്. 3 ഗഡുക്കൾ അനുവദിക്കേണ്ട സമയം കഴിഞ്ഞു. ഒരു ഗഡു പോലും അനുവദിച്ചിട്ടില്ല. അതായത് 278.4 കോടി രൂപ കേന്ദ്രം കുടിശികയായി തരാനുണ്ട്. കേന്ദ്ര വിഹിതം ലഭിക്കാത്തതിനാൽ ഇപ്പോൾ കേരളത്തിന്റെ സംസ്ഥാന വിഹിതമുപയോഗിച്ചാണ് എൻഎച്ച്എം പദ്ധതികൾ മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read Also: ‘വിധി മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടി’: രാജിവയ്‌ക്കേണ്ടത് ബിന്ദുവല്ല, പിണറായിയെന്ന് കെ സുരേന്ദ്രൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button