കൊല്ലം: ഓയൂരിലെ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഘത്തെ കണ്ടെത്താനുള്ള അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. പ്രതികളുടെ മുഖം വ്യക്തമാകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഓയൂരിൽനിന്നു കുട്ടിയുമായി കാറിൽ 10 കിലോമീറ്റർ അകലെ ചാത്തന്നൂരിനടുത്തേക്കെത്തുന്ന സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. ഇതിൽ കാറിലിരിക്കുന്ന പ്രതികളുടെ മുഖം വ്യക്തമാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കാത്തത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. അതുകൊണ്ടു തന്നെ ഇപ്പോൾ ലഭിച്ചിരിക്കുന്ന ഈ ദൃശ്യങ്ങൾ നിർണായകമാണ്. അതേസമയം, അന്വേഷണം ജില്ലയ്ക്കു പുറത്തേക്കും വ്യാപിപ്പിച്ചു. പ്രതികൾക്കായി ജില്ലയിലെ പാരിപ്പള്ളി, ചാത്തന്നൂർ, പരവൂർ, ചിറക്കര ഭാഗങ്ങളിൽ തിരച്ചിൽ നടക്കുന്നതിനൊപ്പമാണ് സമീപ ജില്ലകളിലും അന്വേഷിക്കുന്നത്. സംഭവവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ചിലർ അയൽജില്ലകൾ കേന്ദ്രീകരിച്ചു നടത്തിയ ഇടപാടുകൾ സംബന്ധിച്ചാണ് അന്വേഷണം.
സംഘാംഗമായ യുവതി കുട്ടിയെ ഉപേക്ഷിച്ച ആശ്രാമം മൈതാനത്തിന്റെ പരിസരം ഇന്നലെ പൊലീസ് അരിച്ചു പെറുക്കി. എന്നാൽ, കുട്ടിയുമായി നഗരത്തിലെത്തിയെന്നു പറയുന്ന നീല നിറത്തിലുള്ള വാഹനമോ ഇവർ തങ്ങിയെന്നു പറയുന്ന വീടോ കണ്ടെത്താനായില്ല. കാറിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്നു തെളിഞ്ഞു. ഇതു നിർമിച്ചു നൽകിയവർക്കായും തിരച്ചിൽ തുടങ്ങി.
കുട്ടിയെ തട്ടിക്കൊണ്ടുപോയവർക്ക് അപ്പപ്പോൾ നിർദേശങ്ങൾ നൽകാൻ പ്രത്യേക സംഘം പ്രവർത്തിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുമായി സഞ്ചരിച്ച കാറിലുള്ളവർക്ക് പൊലീസിന്റെ നീക്കങ്ങളെപ്പറ്റി മുന്നറിയിപ്പു നൽകാൻ ബൈക്കിൽ എസ്കോർട്ട് സംഘവും ഉണ്ടായിരുന്നു. കുട്ടിയുമായി രാത്രിയിൽ സംഘം കൊല്ലം നഗരത്തിനടുത്ത് എവിടെയോ തങ്ങിയെന്നു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. നാടു മുഴുവൻ പൊലീസ് അരിച്ചുപെറുക്കുമ്പോൾ സംഘം ഏതുതാവളത്തിലാണു തങ്ങിയതെന്നത് ഇപ്പോഴും ദുരൂഹമാണ്.
Post Your Comments