തിരുവനന്തപുരം: സ്ത്രീകൾക്കും കുട്ടികൾക്കും നേരെ അതിക്രമം കാട്ടുന്നവർക്ക് എതിരെ ഒരു വിട്ടുവീഴ്ച്ചയും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊല്ലം ഓയൂർ കാറ്റാടി മുക്കിൽ നിന്ന് കഴിഞ്ഞ ദിവസം തട്ടികൊണ്ട് പോയ ആറു വയസുകാരി അബിഗേൽ സാറയെ സുരക്ഷിതമായി കണ്ടെത്താൻ കഴിഞ്ഞത് വലിയ ആശ്വാസമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം അറിഞ്ഞ ഉടൻ തന്നെ തങ്ങളെല്ലാം ഇടപെട്ടിരുന്നു. സംഭവം അറിഞ്ഞ നിമിഷം മുതൽ കുട്ടിയെ കണ്ടെത്താൻ ജാഗ്രതയോടെ അഹോരാത്രം പ്രവർത്തിച്ച പൊലീസ് സേനാംഗങ്ങളേയും, നാട്ടുകാരെയും മറ്റെല്ലാവരെയും അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു.
പരിഭ്രാന്തമായ ഘട്ടത്തിലും ധൈര്യം ചോർന്ന് പോകാതെ അന്വേഷണ സംഘത്തിന് കൃത്യമായി വിവരങ്ങൾ നൽകിയ അബിഗേലിന്റെ സഹോദരൻ ജോനാഥന് പ്രത്യേകം അഭിനന്ദങ്ങൾ. കുട്ടിയെ സുരക്ഷിതമായി കണ്ടെത്താൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ പോലീസ് മേധാവിക്കും മറ്റ് ബന്ധപ്പെട്ടവർക്കും നിർദ്ദേശവും നൽകിയിരുന്നു. അന്വേഷണത്തിന്റെ ഏകോപനത്തിനായി എഡിജിപി അടക്കമുളള മുതിർന്ന ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു.
നാലുപേർ ചേർന്ന് കുട്ടിയെ ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയി എന്ന വിവരം ആണ് ആദ്യം ലഭിച്ചത്. അപ്പോൾ തന്നെ കൊല്ലം, പത്തനംതിട്ട , ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ വാഹനപരിശോധന ആരംഭിച്ചു. ആയിരക്കണക്കിന് പോലീസുകാരാണ് അന്വേഷണത്തിൽ പങ്കാളികളായത്. സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ തിരച്ചിൽ ആണ് പോലീസ് കുട്ടിക്ക് വേണ്ടി നടത്തിയത്. വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചുള്ള കാർ ആണ് പ്രതികൾ ഉപയോഗിച്ചത് എന്ന് കണ്ടെത്തിയിട്ടുണ്ട്. കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments